ബഖ്‌മൂത് കൈവിടാതെ യുക്രൈൻ; ആക്രമണം കടുപ്പിച്ച് റഷ്യ

0
80

റഷ്യൻ സേനയുടെ നിരന്തരമായ ആക്രമണങ്ങൾക്കിടയിലും ബഖ്‌മൂത്തിനെ സംരക്ഷിക്കുമെന്ന് രാജ്യത്തെ ഉന്നത സൈനിക മേധാവികൾ പ്രതിജ്ഞയെടുത്തുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു. ബഖ്‌മുത്ത് പിടിച്ചടക്കുന്നതിലൂടെ ചുറ്റുമുള്ള ഡോൺബാസ് പ്രദേശത്തിന്റെ മുഴുവൻ ഭാഗത്തെയും നിയന്ത്രണം ഏറ്റെടുക്കുകയെന്ന പ്രധാന ലക്ഷ്യത്തിലേക്ക് കൂടുതൽ എടുക്കുമെന്നും ഇത് ഒന്നര വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ പ്രധാന നേട്ടമാവുമെന്നുമാണ് റഷ്യയുടെ കണക്കുകൂട്ടൽ.

ബഖ്‌മൂത്തും പരിസര പ്രദേശങ്ങളും “നിരന്തരമായ ആക്രമണത്തിന്” വിധേയമാണെന്ന് യുക്രൈനിലെ സായുധ സേനയുടെ ജനറൽ സ്‌റ്റാഫ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രാദേശിക ഗ്രൂപ്പിന്റെ കമാൻഡറും യുക്രൈൻ കമാൻഡർ ഇൻ ചീഫും തന്നോട് പറഞ്ഞതായി സെലെൻസ്‌കി വ്യക്തമാക്കി.

“ബഖ്‌മുത്തിലെ ഞങ്ങളുടെ ആളുകളെ സഹായിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാൻ ഞാൻ കമാൻഡർ ഇൻ ചീഫിനോട് പറഞ്ഞു” സെലൻസ്‌കിയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. റോയിസ്‌റ്റേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, കിഴക്കൻ, തെക്ക് മുന്നണികളിൽ ഓരോ ദിവസവും ആയിരക്കണക്കിന് ഷെല്ലുകൾ ഇരുവശത്തുനിന്നും വിക്ഷേപിക്കുന്നുണ്ട്. കീവിന്റെ യൂറോപ്യൻ സഖ്യകക്ഷികൾ കൂടുതൽ ആയുധങ്ങൾ വാങ്ങാനുള്ള കരാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുമുണ്ട്.

അതേസമയം, മറുവശത്ത് ബഖ്‌മൂത് ആക്രമണത്തിന് നേതൃത്വം നൽകുന്ന റഷ്യയുടെ വാഗ്നർ മെർസിനറി പടയുടെ തലവൻ, യുദ്ധത്തിൽ വിജയിക്കണമെങ്കിൽ കൂടുതൽ ആയുധങ്ങൾ, കവറിംഗ് സപ്പോർട്ട് എന്നിവ ലഭ്യമാക്കണമെന്ന് സൈന്യത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വാഗ്നർ മെർസിനറി പടയുടെ തലവൻ യെവ്ജെനി പ്രിഗോഷും, സൈന്യത്തിന്റെ നേതൃത്വവും തമ്മിൽ തുടരുന്ന ഭിന്നതയ്ക്ക് ഇടയിലാണ് പുതിയ സംഭവ വികാസങ്ങൾ. നേരത്തെ ആയുധങ്ങൾ എത്തിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചെങ്കിലും മന്ത്രാലയം അത് നിഷേധിച്ചിരുന്നു.

ഒരു വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിൽ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ വേദിയായി ബഖ്‌മുത് മാറുകയാണ്. ബഖ്‌മുത് കീഴടക്കുക എന്നാൽ പ്രതീകാത്മക വിജയമാണെന്നായിരുന്നു യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here