കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ യൂട്യൂബ് ചാനലിലാണ് ചിത്രത്തിന്റെ പുതിയ എച്ച്.ഡി പതിപ്പ് എത്തിയിരിക്കുന്നത്. 2000-ൽ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും കമല്‍ഹാസന്‍ തന്നെയാണ്.
അഡൾട്സ് ഒൺലി സർട്ടിഫിക്കേഷനോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തമിഴ് ഹിന്ദി ഭാഷകളില്‍ ഒരേസമയം ഇറങ്ങിയ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നിരൂപകപ്രശംസ നേടി. കമല്‍ഹാസന്‍, ഷാരൂഖ് ഖാൻ, അതുൽ കുൽക്കർണി, റാണി മുഖർജി, ഹേമ മാലിനി, ഗിരീഷ് കർണാട്, വസുന്ധര ദാസ്, നസീറുദ്ദീൻ ഷാ, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയത്.
ഇന്ത്യാവിഭജനകാലത്തെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് ദേശീയപുരസ്കാരങ്ങൾ ഹേ രാം നേടി. ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശവും ഹേ റാം നേടി.
ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം, സ്പെഷ്യല്‍ ഇഫക്ട്, മികച്ച സഹനടന്‍ അതുല്‍ കുല്‍ക്കര്‍ണി എന്നീ ദേശീയ അവാര്‍ഡുകളാണ് ചിത്രം നേടിയത്. 2000ത്തിലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഈ ചിത്രത്തിലൂടെ കമല്‍ഹാസനെ തേടിയെത്തി.