കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. ഓഗസ്റ്റ് 24 ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഫലപ്രഖ്യാപനം അന്ന് വൈകീട്ട് നടക്കും. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് കേരളത്തില്‍ രാജ്യസഭാ സീറ്റില്‍ ഒഴിവു വന്നത്.
നിലവില്‍ എല്‍ഡിഎഫിന്റെ സീറ്റാണിത്. ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ല. സീറ്റ് വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന് തന്നെ നല്‍കണമോ എന്ന കാര്യത്തിലും മുന്നണി തീരുമാനം എടുക്കും.
2016ലാണ് യുഡിഎഫ് ടിക്കറ്റില്‍ എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേരുന്നതിനു മുന്നോടിയായി അദ്ദേഹം 2017 ഡിസംബര്‍ 20 ന് രാജ്യസഭാംഗത്വം രാജിവച്ചു. ഇതേ സീറ്റില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാര്‍ച്ചില്‍ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു.
വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിന് 2022 ഏപ്രില്‍ വരെ കാലാവധിയുണ്ട്. ഈ സീറ്റില്‍, മകനും എല്‍ജെഡി സംസ്ഥാന പ്രസിഡന്റുമായ എം വി ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയിലെ ധാരണ. രാജ്യസഭാ സീറ്റ് എല്‍ജെഡിക്കു തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് എല്‍ജെഡി നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.