കേര കൃഷി ആദായകരമാക്കാൻ കൃത്യമായ ഇടവേളകളില്‍ തെങ്ങിന് പരിചരണം നല്‍കണം. വര്‍ഷകാലാരംഭത്തില്‍ വിത്തുതേങ്ങകള്‍ പാകുന്നതുമുതല്‍ സസ്യസംരക്ഷണ മാര്‍ഗങ്ങള്‍വരെയുള്ള പ്രധാന പ്രവര്‍ത്തനം നടത്തണം.
തൈകള്‍ നടാം
തെങ്ങിൻതൈകള്‍ നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിപ്പോള്‍. ഒരിക്കല്‍ ഫലം നല്‍കിത്തുടങ്ങിയാല്‍ തുടര്‍ച്ചയായി വര്‍ഷങ്ങളോളം ആദായം നല്‍കുന്ന വിളയായാണിത്. അതുകൊണ്ടുതന്നെ നടീല്‍ വസ്തുക്കളുടെ ഗുണമേന്മയെ ആശ്രയിച്ചാണ് തൈകളുടെ വളര്‍ച്ചയും ഭാവിയില്‍ അവയില്‍നിന്നുള്ള ആദായവും.
ഗുണമേന്മ പ്രധാനം
നല്ല കരുത്തുള്ളതും ഒരു വര്‍ഷം പ്രായമായതുമായ തൈകളാണ് നടാൻ തിരഞ്ഞെടുക്കേണ്ടത്. നെടിയ ഇനങ്ങള്‍ക്ക് 5–6 ഓലകളും ഒരു മീറ്ററില്‍ കൂടുതല്‍ ഉയരവും 8 സെന്റീമീറ്റര്‍ കണ്ണാടി കനവും കാണും. ധാരാളം വേരുകളുള്ളതും നേരത്തെ മുളച്ച് വേഗത്തില്‍ വളര്‍ന്നു വന്നതുമായ തൈകള്‍ ഉത്തമം. പോളി ബാഗുകളില്‍ പരിപാലിക്കുന്ന തൈകളാണ് മികച്ച വളര്‍ച്ച കാണിക്കുന്നത്.
നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്നതും നീര്‍വാര്‍ച്ചാ സൗകര്യവുമുള്ള സ്ഥലത്തു വേണം തൈകള്‍ നടാൻ. വളരെ അടുത്തടുത്ത് നില്‍ക്കുകയും മറ്റു മരങ്ങളുടെ തണലില്‍ വളരുകയും ചെയ്യുന്ന ചെറുതെങ്ങുകള്‍ കായ്‌ക്കാൻ വൈകും. ഉല്‍പ്പാദനം കുറവുമായിരിക്കും.തൈകള്‍ നടുന്നത് 7.5 മീറ്റര്‍ അകലം പാലിച്ച് വേണം. നാളികേരതോട്ടത്തില്‍ ബഹുവിള കൃഷിസമ്ബ്രദായം ഉദ്ദേശിക്കുന്നെങ്കില്‍ 10 x 10 മീറ്ററാണ് ഇടയകലം.
മണ്ണിന്റെ സ്വഭാവം അനുസരിച്ച് കുഴിയുടെ ആഴം മാറും. പാറയോട് കൂടിയ വെട്ടുകല്‍ മണ്ണാണെങ്കില്‍ 1.5 മീറ്റര്‍ നീളവും 1.5 മീറ്റര്‍ വീതിയും 1.2 മീറ്റര്‍ ആഴവുമുള്ള കുഴികള്‍ എടുക്കണം. ഉണക്കി പൊടിച്ച ചാണകം, മേല്‍മണ്ണ്, ചാരം എന്നിവ കലര്‍ന്ന മിശ്രിതം 60 സെന്റീമീറ്റര്‍ ഉയരത്തില്‍ കുഴികളില്‍ നിറയ്ക്കണം. ചെങ്കല്‍ പ്രദേശങ്ങളില്‍ കുഴി ഒന്നിന് 2 കിലോഗ്രാം വീതം ഉപ്പു ചേര്‍ക്കുന്നത് മണ്ണിന് അയവ് കിട്ടാൻ സഹായകമാകും. ഇങ്ങനെ പകുതി നിറച്ച കുഴിയുടെ നടുവില്‍ ചെറിയ കൈക്കുഴി ഉണ്ടാക്കി അതില്‍ തൈ വെച്ച് ചുറ്റും മണ്ണിട്ട് ഉറപ്പിക്കണം. കുഴിയില്‍ തൈ നടുമ്ബോള്‍ കണ്ണാടി ഭാഗം മണ്ണ് കൊണ്ട് മൂടിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. തൈകള്‍ നട്ടശേഷം ബലമുള്ള കുറ്റി അടിപ്പിച്ച് ബന്ധിപ്പിച്ചാല്‍ കാറ്റില്‍ തൈ വീഴാതെ സംരക്ഷിക്കാം. തൈകള്‍ക്ക് ആവശ്യമായ തണലും നല്‍കണം. മഴയില്ലെങ്കില്‍ തൈകള്‍ക്ക് നനയും നല്‍കണം.