ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു, അജിത്ത് ചിത്രത്തിന്റെ അപ്‍ഡേറ്റ്.

0
62

തമിഴകത്തിന് എന്നും ആവേശമാണ് അജിത്ത്. അജിത്ത് നായകനാകുന്ന പുതിയ ഓരോ ചിത്രങ്ങള്‍ക്കും ആരാധകര്‍ കാത്തിരിക്കുന്നതും അതുകൊണ്ടാണ്. ‘വിഡാമുയര്‍ച്ചി’യാണ് അജിത്ത് നായകനാകുന്ന പുതിയ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്‍റ്റംബറിലായിരിക്കും ‘വിഡാമുയര്‍ച്ചി’യുടെ ചിത്രീകരണം തുടങ്ങുക. എന്താണ് ‘വിഡാമുയര്‍ച്ചി’യുടെ പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം. ജര്‍മനി, ഡെൻമാര്‍ക്ക്, നോര്‍വേ എന്നിവടങ്ങളില്‍ താരം പര്യടനം നടത്തുകയാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം ‘തുനിവ്’ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും വൻ ഹിറ്റായി മാറിയതും. എച്ച് വിനോദായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here