ഡൽഹി സേവന ബിൽ ഓഗസ്‌റ്റ് 7ന് രാജ്യസഭയിൽ

0
82

ഡൽഹി സർവീസസ് ബിൽ ഓഗസ്‌റ്റ്‌ 7 തിങ്കളാഴ്‌ച രാജ്യസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഡൽഹി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനങ്ങളും സംബന്ധിച്ച ഓർഡിനൻസിന് പകരമുള്ള ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023 പ്രതിപക്ഷ പാർട്ടികളുടെ ഇറങ്ങിപ്പോക്കിനിടയിൽ വ്യാഴാഴ്‌ച ലോക്‌സഭ പാസാക്കിയിരുന്നു.

“ഡൽഹി സേവന ബിൽ തിങ്കളാഴ്‌ച രാജ്യസഭയിൽ വരും. ബില്ലിന്മേലുള്ള ചർച്ച അവസാനിച്ചതിന് ശേഷം ബിൽ പാസാക്കുന്നതിനുള്ള വോട്ടെടുപ്പ് അതേ ദിവസം വൈകുന്നേരം നടക്കും” അടുത്ത വൃത്തങ്ങൾ അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി പ്രതിപക്ഷ കക്ഷിയിൽ നിന്ന് ബില്ലിന്റെ ചർച്ചയ്ക്ക് തുടക്കമിടുമെന്നും വൃത്തങ്ങൾ അറിയിച്ചു.

അഡ്‌മിനിസ്ട്രേറ്റീവ് സർവീസുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് സിംഗ്‌വി സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. അതേസമയം, മണിപ്പൂർ വിഷയത്തിൽ നിലനിൽക്കുന്ന സ്‌തംഭനാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാർഗം ചർച്ച ചെയ്യാൻ പ്രതിപക്ഷ സഖ്യത്തിലെ ചില നേതാക്കൾ വെള്ളിയാഴ്‌ച രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയലിനെയും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയെയും കണ്ടിരുന്നു.

കോൺഗ്രസ് എംപി രജനി പാട്ടീലിന്റെ സസ്‌പെൻഷൻ റദ്ദാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടതായും, ഈ കാര്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കാമെന്നും ഭരണകക്ഷി  സൂചിപ്പിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, എഎപി എംപി സഞ്ജയ് സിംഗിന്റെ സസ്പെൻഷൻ പിൻവലിക്കാൻ സാധ്യതയില്ലെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here