രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചു.

0
186

ദില്ലി: ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ സുരേഷ് ഗോപിയുടേയോ അൽഫോണ്‍സ് കണ്ണന്താനത്തിൻ്റേയോ പേര് ഇന്ന് പുറത്ത് വന്ന പട്ടികയില്‍ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. കാലാവധി തീരുന്ന ന്യൂനപക്ഷകാര്യമന്ത്രി മുക്താ‍ര്‍ അബ്ബാസ് നഖ്വിയുടെ പേരും പട്ടികയിൽ ഇല്ല.

കർണാടകയിൽ നിന്നുള്ള ധനമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്രയിൽ നിന്നുള്ള വാണിജ്യ മന്ത്രി പിയൂഷ് ഗോയലും അവരുടെ കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നുണ്ട്. 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ലക്ഷ്മികാന്ത് വാജ്‌പേയി, രാധാമോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിംഗ്, സംഗീത യാദവ് എന്നിവരെ ബി ജെ പി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ മന്ത്രി പിയൂഷ് ഗോയലിന് പുറമെ അനില്‍ ബോണ്ടയെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ആറ് സീറ്റുകളാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഇതുവരെ ഒരു സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ചിട്ടില്ല. ബീഹാറിൽ നിന്ന് അഞ്ച്, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

 

രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 23 സീറ്റുകൾ ബി ജെ പിയുടേതും എട്ടെണ്ണം കോൺഗ്രസിന്റേതുമാണ്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ തന്നെ ബി ജെ പിക്ക് ഏറെ നിർണ്ണായകമാണ് രാജ്യസഭ തിരഞ്ഞെടുപ്പുകളിലെ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here