വാക്സിന്‍ പരീക്ഷിക്കാന്‍ ഒരുങ്ങി റഷ്യ

0
78

കൊവിഡ് പ്രതിരോധ വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമാകാനൊരുങ്ങി റഷ്യ. ആഗസ്റ്റ് പകുതിയോടെ റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാ‌ര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയലാണ് ഇപ്പോള്‍ നടക്കുന്നത്. ആഗസ്റ്റ് പത്തിനു മുമ്ബായി വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. ഇതിനുള്ള തയ്യാറെടുപ്പുകള്‍ റഷ്യ പൂര്‍ത്തിയാക്കി കഴിഞ്ഞു.
ലോകത്ത് ആദ്യമായി വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം റഷ്യ പൂര്‍ത്തിയാക്കിയതായി മുന്പ് വാ‌ര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയിക്കുക മാത്രമാണ് ചെയ്തതെന്ന് പിന്നീട് അന്താരാഷ്ട്ര ഏജസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്ന് ഘട്ടങ്ങളും വിജയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരാത്ത സാഹചര്യത്തില്‍ വാക്സിന്‍റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച്‌ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
മോസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്സിന്‍ വികസിപ്പിച്ചത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാലും ആദ്യഘട്ടത്തില്‍ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്സിന്‍ ലഭ്യമാക്കുക. ഇതിനു ശേഷം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങും. വാക്സിന്‍ പുറത്തിറക്കുന്നതിനെ ‘ഒരു സ്പുട്നിക് നിമിഷം” എന്നാണ് ഗവേഷണത്തിന് ധനസഹായം ചെയ്യുന്ന റഷ്യന്‍ ധനകാര്യ സ്ഥാപനത്തിന്റെ തലവന്‍ കിരില്‍ ദിമിത്രേവ് വിശേഷിപ്പിച്ചത്.
‘സ്പുട്നികിന്‍റെ ശബ്ദം കേട്ടപ്പോള്‍ അമേരിക്കക്കാര്‍ക്ക് അതിശയമായിരുന്നു. അതുതന്നെയാണ് വാക്സിന്റെ കാര്യത്തിലും സംഭവിക്കുന്നത്. റഷ്യയായിരിക്കും ഇക്കാര്യത്തിലും ആദ്യം.’- അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് മൂന്നിന് ശേഷമായിരിക്കും റഷ്യന്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് തന്നെ രാജ്യത്ത് കൊവിഡ് ഭീഷണിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനായി 800ഓളം പേരെ ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ട്.പ്രായമായവര്‍ക്കും മറ്റു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കുമാണ് തുടക്കത്തില്‍ വാക്സിന്‍ ലഭ്യമാക്കുക.ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കന്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിനാണ് ഗവേഷണത്തില്‍ മുന്നില്‍. യു.എസ് കന്പനിയായ മോഡേണ വികസിപ്പിക്കുന്ന വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here