സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളിലെ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചീഫ് ജസ്റ്റിസ്

0
97

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ, സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളിലെ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മണിപ്പൂരില്‍ നഗ്നരായി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്ത സ്ത്രീകള്‍, ദുരനുഭവത്തിന്റെ വീഡിയോ വൈറലായതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

മെയ് 4 ലെ ലൈംഗികാതിക്രമകേസിലെ എഫ്ഐആറുമായി ബന്ധപ്പട്ട ഒരു അപേക്ഷയും ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ‘ഈ വീഡിയോ സ്ത്രീകള്‍ക്കെതിരായ ആക്രമണം മാത്രമല്ല. ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒന്നിലധികം സംഭവങ്ങളെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്.’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കുക്കി, മെയ്‌തേയ് സമുദായങ്ങള്‍ക്കിടയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട മെയ് 3 മുതല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് എത്ര എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

‘മറ്റൊരു വീഡിയോ വെളിച്ചത്ത് വരുമ്പോള്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ എന്നാകരുത്. ഈ മൂന്ന് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്’ ചീഫ് ജസ്റ്റിസ് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും അവര്‍ ആഗ്രഹിക്കുന്നില്ല.

‘അക്രമം നടത്തിയവരുമായി പോലീസ് സഹകരിക്കുന്നു എന്നത് വ്യക്തമാണ്. പോലീസാണ് അവരെ ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോയത്. പൗരന്മാരെ സംരക്ഷിക്കാത്ത സംസ്ഥാനത്തെ എങ്ങനെ വിശ്വസിക്കാനാണ്?’ .ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷഭരിതമായ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിശാലമായ സംവിധാനം വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയതായി കഴിഞ്ഞ ആഴ്ച്ച, ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സിബിഐ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുകയും എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

ആഭ്യന്തരമന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, കേസിന്റെ വിചാരണ സമയബന്ധിതമായി അവസാനിപ്പിക്കാന്‍ മണിപ്പൂരിന് പുറത്തേക്ക് വിചാരണ മാറ്റണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജൂണ്‍ 19 നാണ് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായത്. കേസില്‍, തൗബാല്‍ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  ജൂലൈ 20 ന് സുപ്രീം കോടതി സംഭവത്തില്‍ പ്രതികരിക്കുകയും  സ്ത്രീകളെ അക്രമത്തിനായി ഉപയോഗിക്കുന്നത് ഭരണഘടനാപരമായ ജനാധിപത്യത്തില്‍ അംഗീകരിക്കാനിവില്ലെന്ന് പറയുകയും ചെയ്തു. മണിപ്പൂരില്‍ പുനരധിവാസവും പ്രതിരോധ നടപടികളും സ്വീകരിക്കാനും, സ്വീകരിച്ച നടപടി സുപ്രീം കോടതിയെ അറിയിക്കാനും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്രത്തോടും മണിപ്പൂര്‍ സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here