കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കം സജീവമാക്കി ബിജെപി. നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് സർക്കാരിനെതിരെ നിയമസഭയില്‍ ഒന്നിച്ച് നിൽക്കാനാണ് ജെഡിഎസ്സിന്റെ തീരുമാനം. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാം. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
പ്രഖ്യാപനത്തിന് മുന്‍പ് ജെഡിഎസ് എംഎല്‍എമാരുടെ സംഘം എച്ച് ഡി ദേവഗൗഡയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കാൻ എച്ച് ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയതായി എച്ച് ഡി കുമാരസ്വാമി യോഗത്തിൽ അറിയിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ജെഡിഎസിന് ഈ ഘട്ടത്തില്‍ ബിജെപിയുടെ പിന്തുണ ലഭിക്കേണ്ടത് ദേശീയ തലത്തില്‍ അവരുടെ നിലനില്‍പ്പിന്‍റെ പ്രശ്നമായി മാറിയിരിക്കുകയാണ്. സോഷ്യലിസ്റ്റ് ആശങ്ങളെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ കെട്ടിപ്പടുത്ത ദേവഗൗഡയില്‍ നിന്ന് മകന്‍ കുമാരസ്വാമിയിലേക്ക് അധികാരം മാറ്റപ്പെട്ടതോടെ ബിജെപിയുമായി ഒരു സഖ്യമുണ്ടാക്കിയാല്‍ തന്നെ അതില്‍ അത്ഭുതപ്പെടേണ്ടി വരില്ല.
ബെംഗളുരുവില്‍ നടന്ന പ്രതിപക്ഷസഖ്യത്തിന്‍റെ യോഗത്തിനെതിരെ കുമാരസ്വാമി രൂക്ഷമായി വിമർശിച്ചിരുന്നു. കർണാടകയിലെ കർഷക ആത്മഹത്യകൾ കാണാത്ത കോൺഗ്രസ് സർക്കാർ വെറും കടലാസ് യോഗങ്ങളിൽ പങ്കെടുത്ത് നടക്കുകയാണ് എന്നായിരുന്നു കുമാരസ്വാമിയുടെ ആരോപണം. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം നേടിയതിന് ശേഷമുള്ള ആദ്യത്തെ നിയമസഭ സമ്മേളനത്തിലും ബിജെപി പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചിരുന്നില്ല.ചരിത്രത്തിലാദ്യമായാണ് ഒരു നിയമസഭാ സമ്മേളനം പ്രതിപക്ഷ നേതാവില്ലാതെ കർണാടകയിൽ നടന്നത്. പുതിയ കരുനീക്കത്തിലൂടെ പ്രതിപക്ഷ നേതാവ് സ്ഥാനവും കുമാരസ്വാമിയും ജെഡിഎസും ലക്ഷ്യം വെക്കുന്നുണ്ട്.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പാളത്തില്‍ ജെഡിഎസ് ഇടം നേടിയാല്‍ കർണാടകയിലെ സ്വാധീനമേഖലയായ ഓൾഡ് മൈസുരുവിലെ നാല് ലോക്സഭാ സീറ്റുകളിൽ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വിജയസാധ്യത കൂടും.