ആലുവയിലെ ക്രൂര കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികൾക്കായി പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേയ്ക്ക് എത്തുന്ന അതിഥികൾ എന്ന നിലയിൽ നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.’ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ‘അതിഥി’ ആപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ തൊഴിലാളികൾക്ക് നൽകുന്ന എല്ലാ പരിഗണനയും അന്യസംസ്ഥാന തൊഴിലാളികൾക്കും നൽകുന്നുണ്ട്.
അതിഥി തൊഴിലാളികൾക്കായി പ്രത്യേക നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കും വരവ് പോക്ക് കാര്യങ്ങളും കൃത്യമല്ല. അഞ്ച് ലക്ഷത്തി പതിനാറായിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തി രേഖകൾ സമർപ്പിച്ചാണോ ഇവർ ജോലിയെടുക്കുന്നതെന്ന് വ്യക്തമല്ല.’ ശിവൻകുട്ടി പറഞ്ഞു.കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട്1979ലെ കേന്ദ്ര നിയമമുണ്ട്. അതിൽ ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ട്. അത് പൂർണമായും നാം നടപ്പിലാക്കിയിട്ടില്ല.
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാർക്ക് ലൈസൻസ് വേണമെന്ന് അതിലുണ്ട്. എന്നാൽ ഇവിടെ ഇപ്പോൾ സംഭവിക്കുന്നത് അങ്ങനെയല്ല. ആർക്ക് വേണമെങ്കിലും ഇവിടെ വന്നിറങ്ങാം, താമസിക്കാം, ജോലി ചെയ്യാം എന്തും കാണിക്കാം എന്നിട്ട് പുറത്തുപോകാമെന്നാണെന്നാണ് സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും മന്ത്രി പറഞ്ഞു.