ബംഗ്ലാദേശിലെ ബ്രാഹ്മൺബാരിയ ജില്ലയിലെ ഹിന്ദു ക്ഷേത്രത്തിലെ ദേവന്റെ വിഗ്രഹം തകർത്ത കേസിൽ പ്രതി പിടിയിൽ. 36 കാരനായ ഖലീൽ മിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. നിയാമത്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നിയാമത്പുർ ദുർഗ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകർത്തത്. ബ്രാഹ്മണബാരിയ പോലീസ് സൂപ്രണ്ട് മുഹമ്മദ് ഷഖാവത് ഹൊസൈൻ ഖലീൽ മിയയുടെ അറസ്റ്റ് സ്ഥിരീകരിച്ചു. എന്നാൽ ഈ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശ്യം വെളിപ്പെടുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ ഇത്തരമൊരു നിന്ദ്യമായ നടപടി സ്വീകരിച്ചത് എന്തിനെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വാർത്തകൾ പ്രചരിച്ചതോടെ നാട്ടുകാർ പ്രതികളെ പിന്തുടരാനും പിടികൂടാനും പോലീസിനെ സഹായിക്കുകയും ചെയ്തു. ക്ഷേത്രം നശിപ്പിച്ച സംഭവം പ്രാദേശിക ഹിന്ദു സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ രോഷവും അസംതൃപ്തിയുമുണ്ടാക്കിയെന്ന് നിയാമത്പൂർ സർവജനിൻ ദുർഗ ക്ഷേത്രത്തിന്റെ പ്രസിഡന്റ് ജഗദീഷ് ദാസ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ ഖലീൽ മിയ നിയമത്പൂർ ഗ്രാമത്തിലുള്ള തന്റെ സഹോദരിയുടെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചില പ്രദേശവാസികളുമായുള്ള വഴക്കാണ് വിഗ്രഹം നശിപ്പിക്കുന്നതിലേക്ക് നയിച്ചത്. ദുർഗ്ഗാ ക്ഷേത്രത്തിനുള്ളിലെ ആറ് വിഗ്രഹങ്ങളാണ് നശിപ്പിച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നതിനും അതി വിചാരണ നിയമത്തിനും കീഴിലാണ് കേസെടുത്തത്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.