മുതിർന്ന കളിക്കാർ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ പരിവർത്തനം അധികം വൈകാതെ തന്നെ സംഭവിക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്‌റ്റ് ഇൻഡീസിനെതിരായ തങ്ങളുടെ ചരിത്രപരമായ 100-ാം ടെസ്‌റ്റിന് ഇന്ത്യ തയ്യാറെടുക്കുമ്പോൾ, ടീമിലെത്തുന്ന യുവ താരങ്ങളുടെ മികച്ച പ്രകടനത്തെ രോഹിത് അംഗീകരിക്കുകയും അവർക്ക് ചുമതലകളുടെ വ്യക്തത നൽകാനുള്ള മുതിർന്ന കളിക്കാരുടെ ഉത്തരവാദിത്തം ഊന്നിപ്പറയുകയും ചെയ്‌തു.
വളർന്നുവരുന്ന കളിക്കാരുടെ കഴിവുകൾ എടുത്തുകാണിച്ചുകൊണ്ട് രോഹിത് പറഞ്ഞു, “ഇന്നായാലും നാളെയായാലും മാറ്റം സംഭവിക്കണം, പുതുതായി വരുന്ന ഞങ്ങളുടെ കുട്ടികൾ നന്നായി പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവർക്ക് ചുമതലയിൽ വ്യക്തത നൽകേണ്ടതിനാൽ ഞങ്ങളുടെ പങ്ക് പ്രധാനമാണ്. ടീമിനായി അവർ എങ്ങനെ തയ്യാറെടുക്കുകയും പ്രകടനം നടത്തുകയും ചെയ്യുകയെന്നത് അവരുടെ കൈകളിലാണ്… അവരാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി, അവർ ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.”
ആദ്യ ടെസ്‌റ്റിൽ വിജയിച്ചെങ്കിലും രണ്ടാം ടെസ്‌റ്റിനുള്ള വിന്നിംഗ് കോമ്പിനേഷനിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് രോഹിത് സൂചിപ്പിച്ചു. എന്നിരുന്നാലും, ക്വീൻസ് പാർക്ക് ഓവലിലെ പ്രതികൂല കാലാവസ്ഥ കാരണം പിച്ചിന്റെ സ്വഭാവം നിർണ്ണയിക്കുന്നത് വെല്ലുവിളിയാവുന്നുണ്ട്.
“ഡൊമിനിക്കയിൽ, പിച്ച് കാണുകയും സാഹചര്യങ്ങൾ അറിയുകയും ചെയ്‌തപ്പോൾ ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇവിടെ മഴയെക്കുറിച്ചുള്ള സംസാരം ഉള്ളതിനാൽ ഞങ്ങൾക്ക് വ്യക്തതയില്ല, പക്ഷേ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ലഭ്യമായ സാഹചര്യങ്ങൾ എന്തൊക്കെയായാലും. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ തീരുമാനമെടുക്കും” രോഹിത് പറഞ്ഞു.