ഇന്ന് ലോക ഭക്ഷ്യദിനം. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാര്‍ഷിക സംഘടന ( FAO) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിനാണ് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പടെ നൂറ്റിയമ്പതോളം രാജ്യങ്ങൾ ഇന്ന് ലോകത്ത് ഭക്ഷ്യദിനം ആചരിക്കുന്നു.
ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവൻ നിലനിർത്താനായും മാനസിക ഉല്ലാസത്തിനായുമൊക്കെ മനുഷ്യൻ ഭക്ഷണം കഴിക്കാറുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ആഹാരം ഒരു മനുഷ്യാവകാശമാണെന്ന ചിന്തയും. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ആവശ്യമായ ഒന്നാണ് ഭക്ഷണം.
എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യംആപ്തവാക്യം.
ഇന്ത്യയില്‍ ലോക ഭക്ഷ്യ ദിനത്തില്‍ ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്‍കുന്നത്. ജീവിതശൈലി മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷ്യ സംസ്‌കാരവും മാറുന്നു. ഏറ്റവുമധികം ഭക്ഷണം വാങ്ങി അത് വലിച്ചെറിയുന്നവന് ഇന്ന് സമൂഹത്തില്‍ ഉന്നതസ്ഥാനമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. ഈ മിഥ്യാധാരണകള്‍ മാറ്റേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു. വിശക്കുന്നവന് അന്നം നല്‍കുന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തി എന്ന സത്യം മനസിലാക്കി വേണം നാം പ്രവര്‍ത്തിക്കാന്‍.
ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളുടെ പട്ടികയിൽ 111-ാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ടതാണ് ലോക ഭക്ഷ്യ ദിനം.സ്വാതന്ത്ര്യത്തിന് ശേഷം ഹരിത വിപ്ലവും ധവള വിപ്ലവും പോലെയുള്ള പദ്ധതികളിലൂടെ ഭക്ഷ്യ ക്ഷാമത്തെ അതിജീവിക്കാൻ ഒരു പരിധിവരെ രാജ്യത്തിന് കഴിഞ്ഞെങ്കിലും അതിന്റെ ഗുണം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. ഈ ഭക്ഷ്യ ദിനം അത്തരം പരിശ്രമങ്ങൾക്കായി മാറ്റിവയ്ക്കാം.