എൻഡിഎ സർക്കാരിനെതിരെ 2024 ലെ പൊതുതിരഞ്ഞെടുപ്പിനായി പ്രതിപക്ഷം രൂപപ്പെടുത്തിയ വിശാല സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സഖ്യത്തിന്റെ ടാഗ്‌ലൈൻ പ്രഖ്യാപിച്ചു. ‘ജീതേഗ ഭാരത്’ (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ്‌ലൈൻ. ഇന്നലെ രാത്രി വൈകി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ടാഗ്‌ലൈൻ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ടാഗ്‌ലൈൻ നിരവധി പ്രാദേശിക ഭാഷകളിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന ദ്വിദിന ബെംഗളൂരു കോൺക്ലേവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സഖ്യത്തിന് ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് ) എന്ന് പേരിട്ടിരുന്നു. 2024ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുടെ “ഭാരത് വേഴ്സസ് ഇന്ത്യ” എന്ന ആക്രമണത്തെ ചെറുക്കാനുള്ള ശ്രമമായാണ് “ഭാരത്” എന്ന ടാഗ്‌ലൈൻ വിലയിരുത്തുന്നത്.
2024ലെ തിരഞ്ഞെടുപ്പ് ബിജെപിയുടെ ആശയങ്ങൾക്കും അവരുടെ ചിന്തകൾക്കും എതിരായ പോരാട്ടമായിരിക്കുമെന്ന് പ്രതിപക്ഷ മുന്നണിയുടെ പേര് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം പ്രതിപക്ഷ സമ്മേളനത്തെ അഴിമതിക്കാരുടെ യോഗമെന്ന് വിശേഷിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.