ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു.

0
71

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ജനജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്. നാല് ദിവസത്തിനിടെ ഹിമാചലില്‍ 39 പേര്‍ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 90 ഓളം ആയിരിക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉത്തരാഖണ്ഡിലെ ധനൗരി, രുദ്രപ്രയാഗ്, ഖാന്‍പൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ജൂലൈ 15, 16 തീയതികളില്‍ റൂര്‍ക്കി, ലക്സര്‍, ഭഗവാന്‍പൂര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദേശീയ തലസ്ഥാനത്തും വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉണ്ടായിരിക്കുകയാണ്. യമുന നദിയുടെ ജലനിരപ്പ് 208.41 മീറ്ററില്‍ എത്തി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ദേശീയ പാതകള്‍ ഉള്‍പ്പെടെയുള്ള പല റൂട്ടുകളും അടച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമോലി ജില്ലയിലെ ബദരീനാഥ് ദേശീയപാത ചമോലിക്കും ജോഷിമഠത്തിനുമിടയില്‍ അഞ്ചിടങ്ങളില്‍ അടച്ചിട്ടിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ്, യമുനോത്രി നാഷണല്‍ ഹൈവേ, ഗംഗോത്രി ഹൈവേ എന്നിവിടങ്ങളില്‍ 300 ലധികം റോഡുഗാതാഗതം തടസ്സപ്പെട്ടു.

കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഡെറാഡൂണ്‍, ഹരിദ്വാര്‍, പൗരി, ഉത്തരാഖണ്ഡിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും വെള്ളപ്പൊക്കമുണ്ടായി. രണ്ട് സംസ്ഥാനങ്ങളിലുമായി ബുധനാഴ്ച ആറ് പേര്‍ മരണപ്പെട്ടു.

അതേസമയം ഹിമാചലിലെ ചമ്പ, ഷിംല, സിര്‍മൗര്‍, കിന്നൗര്‍ തുടങ്ങിയ ജില്ലകളില്‍ ധാരാളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച രാത്രി 8 മണി വരെ 50,000 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. റോഡുകള്‍, വൈദ്യുതി, ജലവിതരണം, നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി എന്നിവ പുനഃസ്ഥാപിക്കുന്നതിന് പ്രവര്‍ത്തിച്ച ഭരണകൂടത്തിനും വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here