ബെംഗളൂരു: ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ച സംഘം കൊലപ്പെടുത്തി. മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപാതകം നടത്തിയത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാള്‍ 70 കൊട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു.
അതേസമയം, കൊലപാതകികൾ ഒളിവിലാണ്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തിവരികയാണ് പൊലീസ്. മദനപ്പള്ളി മാർക്കറ്റിലാണ് തക്കാളിക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ വിലയുള്ളത്. കിലോക്ക് 200 രൂപ വരെയാണ് തക്കാളിക്ക് വിലയുള്ളത്. വിപണിയിൽ ഇടപെടാനുള്ള നടപടികൾ എടുക്കുമെന്ന് നേരത്തെ ജഗൻമോഹൻ റെഡ്ഢി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശിന്റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം മദനപ്പള്ളി മാർക്കറ്റിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. ഇവിടെ നാൽപ്പത് കൊട്ട തക്കാളി വിറ്റ കർഷകനാണ് കൊല്ലപ്പെട്ടത്.
അതേസമയം, റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുന്ന തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ മേല്‍ ഉണ്ടാവുന്ന ദുരിതം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുമായി ബുധനാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രംഗത്തെത്തിയത്. നാഫെഡും എന്‍സിസിഎഫും പോലുള്ള സഹകരണ സ്ഥാപനങ്ങളോട് തക്കാളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മന്ത്രാലയം.
നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (NCCF) എന്നിവയെയാണ് തക്കാളി സംഭരണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റമുണ്ടായ മേഖലകള്‍ തിരിച്ചറിഞ്ഞ് അവിടങ്ങളിലായിരിക്കും ഇങ്ങനെ സംഭരിക്കുന്ന തക്കാളി വിതരണം ചെയ്യുന്നതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇതിനായി ദേശീയ ശരാശരിക്ക് മുകളില്‍ വില വര്‍ദ്ധിച്ച സ്ഥലങ്ങള്‍ കണ്ടെത്തും.