അപകടരേഖ കടന്ന് യമുന, ജാഗ്രതയില്‍ ഡല്‍ഹി.

0
68

യമുന കരകവിഞ്ഞ് ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ജല കമ്മീഷന്‍. നദിയിലെ ജലനിരപ്പ് 205.33 മീറ്ററായി അപകടനില മറികടന്നു. കനത്ത മഴയ്‌ക്കൊപ്പം ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ജലനിരപ്പ് അപകടനിലയില്‍ എത്തിയത്. ഇതോടെ പഴയ യമുന റെയില്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ താത്കാലികമായി നിര്‍ത്തിവച്ചതായി വടക്കന്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (സിപിആര്‍ഒ) ദീപക് കുമാര്‍ പറഞ്ഞു. .

1978-ല്‍ രേഖപ്പെടുത്തിയ 207.49 മീറ്ററാണ് യമുനയിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. ഇത് ഇത്തവണ മറികടക്കുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. നഗരത്തിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴയ്ക്കിടയില്‍ നദി അപകടരേഖ കടന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം യമുന നദിയിലെ വെള്ളപ്പൊക്കവും ജലനിരപ്പ് ഉയരുന്ന സാഹചര്യവും ചര്‍ച്ചചെയ്യുകയും നിലവില്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു. സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ 41,000 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) മന്ത്രി അതിഷി പറഞ്ഞു . ‘ഓരോ ജില്ലാ മജിസ്ട്രേറ്റിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ടീമുകളും സജ്ജമാണ്. വെള്ളപ്പൊക്ക മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അയക്കുന്നത് പൊതു അറിയിപ്പുകളിലൂടെ ആരംഭിച്ചു, അവിടെ അവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും ക്രമീകരണങ്ങള്‍ ഒരുക്കുന്നു. മുഖ്യമന്ത്രി തന്നെ മുഴുവന്‍ സാഹചര്യവും നേരിട്ട് നിരീക്ഷിക്കുന്നു,’അവര്‍ ട്വീറ്റ് ചെയ്തു

 

LEAVE A REPLY

Please enter your comment!
Please enter your name here