കനത്ത മഴ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ എല്ലാ സ്‌കൂളുകളും കോളേജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടും. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ ജനജീവിതം സ്‌തംഭിച്ച നിലയിലാണ്.
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്‌മീർ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മേഖലയിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും മുട്ടോളം വെള്ളത്തിൽ മുങ്ങി. കസോളിൽ, നദി കവിഞ്ഞൊഴുകിയതോടെ കാറുകൾ ഒഴുകിപ്പോയി. കനത്ത മഴയെത്തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് കുളുവിലെ ബിയാസ് നദിക്കരയിൽ ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. കുതിച്ചൊഴുകുന്ന വെള്ളത്തിന്റെ ശക്തിയിൽ ഹിമാചൽ പ്രദേശിലെ നിരവധി പാലങ്ങളാണ് തകർന്നത്.
പകൽ മുഴുവൻ കനത്ത മഴ തുടരുന്നതിനാൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തന, പുനരുദ്ധാരണ പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിച്ചു. മാണ്ഡി ജില്ലയിലെ ബിയാസ് നദിയുടെ നടുവിൽ കുടുങ്ങിയ ആറ് പേരെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രാത്രി വൈകി നടത്തിയ ഓപ്പറേഷനിൽ രക്ഷപ്പെടുത്തി.