ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ അക്രമം.

0
66

കൊൽക്കത്ത : ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമം. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളിൽ തങ്ങളുടെ മൂന്ന് പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിൽ ആക്രമണമുണ്ടായി. അക്രമികൾ ബാലറ്റ് പേപ്പറുകൾ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. മാൾഡയിലെ മണിക്ക് ചെക്കിൽ ക്രൂഡ് ബോംബ് ആക്രമണത്തിൽ ഒരു തൃണമൂൽ പ്രവർത്തകന് പരിക്കേറ്റു. മുർഷിദാബാദിൽ കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. റെജിനഗർ, തുഫംഗഞ്ച്, ഖാർഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 2 പേർക്ക് വെടിയേറ്റെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. കോൺഗ്രസ്, ബിജെപി, സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നിഷ്കൃയരാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

അതിനിടെ, ആക്രമണങ്ങൾ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളിൽ പോളിംഗ് ബൂത്തുകൾ ഗവർണർ സന്ദർശിച്ചു. നോർത്ത് 24 പർഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി വി ആനന്ദ ബോസെത്തിയത്. സിപിഎം പ്രവർത്തകർ ഗവർണറെ നേരിൽ കണ്ട്  തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിച്ചു.

പശ്ചിമബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂൽ, ബിജെപി, സിപിഎം പാർട്ടികൾക്ക് നിർണ്ണായകമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങളിൽ ജൂൺ 8 മുതൽ ഇതുവരെ 24 പേരാണ് മരിച്ചത്. 822 കമ്പനി അർധസൈനികരെയാണ് തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here