ജീവനക്കാര്‍ക്ക് വിശ്രമിക്കാൻ തുടർച്ചയായി 9 ദിവസത്തെ ഓഫ്;

0
78

ലോകമെമ്പാടുമുള്ള കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമ്പോൾ തങ്ങളുടെ ജീവനക്കാര്‍ക്ക് വിശ്രമത്തിനായി തുടർച്ചയായി 9 ദിവസം അവധി നല്‍കി വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് യുഎസിലെ അറിയപ്പെടുന്ന ഒരു കമ്പനി. കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഹാക്കര്‍റാങ്ക് എന്ന കമ്പനിയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ഒരാഴ്ചയിലധികം അവധി നല്‍കിയത്. ജൂലൈ ആദ്യവാരത്തിലാണ് കമ്പനി അവധി പ്രഖ്യാപിച്ചത്.

‘ജൂലൈ 1 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഞങ്ങളും ഞങ്ങളുടെ ജീവനക്കാരും അവധിയിലായിരിക്കും. വിശ്രമത്തിനായി എല്ലാവര്‍ക്കും അവധി നല്‍കിയിരിക്കുകയാണ്,” എന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്. ജീവനക്കാര്‍ അവധി ദിനങ്ങളില്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. ജോലിയില്‍ ചില കാലതാമസം ഉണ്ടാകും. എന്നാൽ തങ്ങള്‍ ജീവനക്കാരുടെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നത് എന്നും അതിനാല്‍ ഈ അവധി പ്രഖ്യാപനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

‘ഒഴിവ് സമയമായതിനാല്‍ ഇമെയിലുകള്‍, അഭിമുഖങ്ങള്‍, ആപ്ലിക്കേഷനെക്കുറിച്ചുള്ള അറിയിപ്പുകള്‍ എന്നിവയില്‍ ചില കാലതാമസം നേരിടേണ്ടി വരും. ജീവനക്കാരുടെ ക്ഷേമത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നുവെന്ന കാര്യം നിങ്ങള്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് ഇമെയിലില്‍ പറയുന്നത്. ജൂലൈ 10 മുതല്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു. നിരവധി പേരാണ് കമ്പനിയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

” വളരെ മികച്ച തീരുമാനം. മാനസികാരോഗ്യത്തിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്,’ എന്ന് ബിസിനസ് അനലിസ്റ്റായ അഥിതി ജെയ്ന്‍ ലിങ്ക്ഡ്ഇനിൽ കുറിച്ചു. ഹാക്കര്‍റാങ്ക് പോലെയുള്ള കമ്പനികള്‍ ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ജോലിയും ജീവനക്കാരുടെ വ്യക്തിഗത ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത്തരം തീരുമാനം സഹായിക്കും,” ടെക്‌നിക്കല്‍ ബ്ലോഗര്‍ സൗരഭ് ദഹിബാത്ത് പറഞ്ഞു.

എന്നാല്‍ ലോങ് വീക്കെന്‍ഡും ജൂലൈ നാലിലെ അവധിയും ഉള്ള ആഴ്ചയാണിത്. ആ അവസരം കമ്പനി പരമാവധി പ്രയോജനപ്പെടുത്തിയതാണ് എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി മറ്റൊരു കമ്പനി അവരുടെ മാനേജർമാരെ പുറത്താക്കിയ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. വെർച്വൽ അസിസ്റ്റന്റ് കമ്പനിയായ ടൈം ഇടിസിയാണ് ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലിടം സന്തോഷകരമാക്കുന്നതിനുമായി മാനേജർമാരെ ഒഴിവാക്കിയത്.

മാനേജർമാർക്ക് പകരം ജീവനക്കാർക്കായി പരിശീലകരെയാണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ പരിശീലകർക്കും ആറു ജീവനക്കാരുൾപ്പെടുന്ന ഒരു ടീം വീതമാണ് കമ്പനി ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഓരോരുത്തർക്കും അനുസൃതമായ മാര്‍ഗനിർദേശം നല്‍കുന്നതുമാണ് ഓരോ പരിശീലകരുടെയും ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here