ലഖ്‌നൗ – ഗോരഖ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

0
70

ലഖ്‌നൗ – ഗോരഖ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. എട്ട് കോച്ചുകളുള്ള ട്രെയിൻ ഞായറാഴ്ച മുതലാകും പ്രവർത്തനക്ഷമമാവുക. ഇതോടെ ലഖ്‌നൗവിൽ നിന്നും ഗോരഖ്പൂരിൽ നിന്നും അയോധ്യയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താം. അതേസമയം 2024ലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായും അയോധ്യയിലെ വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതിനു മുൻപും ഈ ട്രെയിൻ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ തന്നെ ഉറപ്പുനൽകിയിരുന്നു.

കൂടാതെ ഉത്തർപ്രദേശിലെ തന്നെ ഏറ്റവും വലിയ രണ്ട് ക്ഷേത്രങ്ങളായ രാമജന്മഭൂമിയിലേക്കും ഗോരഖ്‌നാഥിലേക്കും ഇത് മികച്ച കണക്റ്റിവിറ്റിയാണ് പ്രദാനം ചെയ്യുക. നിലവിൽ ഗോരഖ്പൂരിലും അയോധ്യയിലും ശതാബ്ദിയോ രാജധാനിയോ ഓടുന്നില്ല. അതിനാൽ ഈ പുതിയ വന്ദേ ഭാരത് ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രതീക്ഷയും ആശ്വാസവുമായിരിക്കുകയാണ്. അതോടൊപ്പം ലഖ്‌നൗവിൽ നിന്ന് ഗോരഖ്പൂരിലേക്കുള്ള യാത്ര നാല് മണിക്കൂറിനുള്ളിൽ വന്ദേ ഭാരത് പൂർത്തിയാക്കും.

അയോധ്യ ബസ്തി സ്റ്റേഷനിൽ ട്രെയിൻ നിർത്തുകയും ചെയ്യും . കൂടാതെ ഗോരഖ്പൂരിലും ലഖ്‌നൗവിലും എയർ കണക്റ്റിവിറ്റിയുമുണ്ട്. അതിനാൽ ഈ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് പോകുന്നവർക്ക് ട്രെയിൻ യാത്ര ഇത് എളുപ്പമാക്കും. ഇതുവരെ ഗോരഖ്പൂരിലേക്കുള്ള ട്രെയിൻ കണക്റ്റിവിറ്റി വളരെ പരിമിതമായിരുന്നു. കാരണം അയോധ്യയ്ക്കും ഗോരഖ്പൂരിനും ഇടയിൽ ചില ട്രെയിനുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.

എന്നാൽ വന്ദേ ഭാരത് അയോധ്യ വഴിയും അതിവേഗം കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്നു. ലഖ്‌നൗവിനും ഗോരഖ്പൂരിനും ഇടയിലുള്ള മറ്റ് ട്രെയിനുകൾ കൂടുതലും ഗോണ്ട വഴിയാണ് പോകുന്നത്. ലഖ്നൌവിനും ഗോരഖ്പൂരിനും ഇടയിലുള്ള ട്രെയിൻ ദൂരം ഗോണ്ട റൂട്ടിൽ ഏകദേശം 280 കിലോമീറ്ററും അയോധ്യ വഴി 310 കിലോമീറ്ററുമാണ്.

അതേസമയം വന്ദേ ഭാരതിന് ചെയർ കാറിൽ 410 സീറ്റുകളും എക്‌സിക്യൂട്ടീവ് ക്ലാസിന് 35 സീറ്റുകളുമാണുള്ളത്. ലഖ്‌നൗവിനും ഗോരഖ്പൂരിനുമിടയിൽ ചെയർ കാർ ടിക്കറ്റിന് 1,005 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 1,775 രൂപയുമാണ് നിരക്ക്. കൂടാതെ ലഖ്‌നൗവിനും അയോധ്യയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസിന് 1,210 രൂപയും ചെയർ കാറിന് 725 രൂപയുമാണ് ഈടാക്കുക.

ഇതിൽ ലഖ്‌നൗവിൽ നിന്ന് രാത്രി 7.15ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് അയോധ്യയിലും തുടർന്ന് 11.25ന് ഗോരഖ്പൂരിലും എത്തിച്ചേരും. ഗോരഖ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.05ന് പുറപ്പെട്ട് 8.17ന് അയോധ്യയിലെത്തും. ശേഷം രാവിലെ 10.20ന് ലഖ്‌നൗവിൽ യാത്ര സമാപിക്കും. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഈ വന്ദേ ഭാരത് പ്രവർത്തിക്കുന്നതാണ്.

നിലവിൽ ഗോരഖ്‌ധാം എക്‌സ്‌പ്രസും ബീഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസുമാണ് ലഖ്‌നൗവിനും ഗോരഖ്പൂരിനും ഇടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനുകൾ. ഇവ നാലു മണിക്കൂർ 45 മിനിറ്റ് എടുത്താണ് യാത്ര പൂർത്തിയാക്കുന്നത്. ഇതിൽ എസി ഫസ്റ്റ് ക്ലാസിന് 1,255 രൂപയും എസി സെക്കൻഡ് ക്ലാസിന് 760 രൂപയും എസി തേർഡ് ക്ലാസ് യാത്രയ്ക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here