ന്യൂഡല്‍ഹി: ഗള്‍ഫില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവയ്ക്ക് ആണ് നോട്ടീസ്. രണ്ട് ആഴ്ചയ്ക്കക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഓഗസ്റ്റ് രണ്ടാം വാരം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
ഗള്‍ഫില്‍ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഖത്തര്‍ കെഎംസിസിയും ഒന്‍പത് രക്ഷാകര്‍ത്താക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അപേക്ഷിച്ചിട്ടുള്ളതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഹാരീസ് ബീരാനും പല്ലവി പ്രതാപും ചൂണ്ടിക്കാട്ടി.