ദില്ലി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ചൈനിയിലെ പുതിയ വൈറസ് വ്യാപനത്തില്‍ നേരത്തെ കേന്ദ്രം നിരീക്ഷണം ശക്തമാക്കിയിരുന്നു. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തിൽ നേരത്തെ വ്യക്തമാക്കിയത്.
വൈറസ് മനഷ്യരിൽനിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും വൈറസ് ബാധിച്ചവർക്ക് മരണ സാധ്യതയും കുറവാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചൈനയോട് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. സാധാരണ കുട്ടികളിൽ പടരുന്ന വൈറസുകൾക്ക് അപ്പുറം പുതുതായി ഒന്നുമില്ലെന്നാണ് ചൈന വിശദീകരിക്കുന്നത്. കൊവിഡ് ആദ്യമായി റിപോർട്ട് ചെയ്ത പ്രോമെഡ് എന്ന പകർച്ചവ്യാധി വ്യാപനം നിരീക്ഷിക്കുന്ന കൂട്ടായ്മയാണ് ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെകുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്.