രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ നടപടി.

0
62

ദില്ലി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും. ട്രെയിൻ ദുരന്തത്തില്‍ റെയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടിയുണ്ടായിരിക്കുന്നത്.

നേരത്തെ ഈ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്. ട്രാൻസ്‌ഫറുകൾ ‘പതിവ് രീതി’ അനുസരിച്ച് മാത്രമാണെന്ന വിശദീകരണത്തോടെയാണ് റെയിൽവെ ഇവരെ മാറ്റിയത്.

ജൂണ്‍ രണ്ടിന് ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കി അപകടം സംഭവിച്ചത്. 292 പേര്‍ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം ട്രെയിൻ അപകടത്തിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുകയാണ്. സി ബി ഐ സംഘം നേരത്തെ ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലോഗ് ബുക്കുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടാതെ ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറും അടക്കമുള്ളവരെ സി ബി ഐ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here