ജുവനൈൽ ഹോമിൽ നിന്ന് കുട്ടികൾ ചാടിപോയ സംഭവം: വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷൻ.

0
69

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയ സംഭവത്തിൽ പരിശോധന നടത്തി ബാലാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം ബി. ബബിതയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ 8 മണിക്ക് ശുചിമുറി തകർക്കാൻ ശ്രമം തുടങ്ങി. പത്ത് മണിക്ക് മന്ദിരത്തിൽ നിന്നും ചാടിപ്പോയി. ഇത്രയും സമയം എടുത്തിട്ടും ഇതൊന്നും ജീവനക്കാർ അറിഞ്ഞില്ല എന്നത് ഗൗരവമുള്ള കാര്യമാണ് എന്ന് കമ്മീഷൻ അറിയിച്ചു. സംഭവം നടക്കുമ്പോൾ സൂപ്രണ്ട് ഹോമിൽ ഇല്ലായിരുന്നു. ഹോമിൽ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായതായി കുട്ടികൾ പറഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിക്കും. ഒരാഴ്ചയ്ക്ക് ഉള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും എന്നും കമ്മീഷൻ വ്യക്തമാക്കി.

രണ്ടു ദിവസം മുൻപാണ് വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയത്. 15,16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരാൾ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

നാല് കുട്ടികളും രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ പറഞ്ഞു. മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം ഇവർക്ക് ലഭിച്ചു. ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടത്. സിസിടിവിയിൽ ആറു പേരുടെ ദൃശ്യങ്ങൾ ഉണ്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഗ്രില്ലുകൾ തകർത്തത്. രാത്രി 11 മണിയോടെ കുട്ടികൾ പുറത്ത് കടന്നു. ചുറ്റുമതിൽ ഇല്ലാത്തത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ ബാലമന്ദിരത്തില്‍ നിലനിൽക്കുന്നുണ്ടെന്ന് എസിപി കെ സുദർശൻ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here