സെന്തിൽ ബാലാജി വകുപ്പില്ലാതെ മന്ത്രിയായി തുടരുന്നു.

0
71

സെന്തിൽ ബാലാജി കേസ് മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വകുപ്പില്ലാതെ മന്ത്രിയായി സെന്തിൽ ബാലാജി തുടരുന്നതിന് എതിരെയാണ് ഹർജി. ദേശീയ മക്കൾ ശക്തി കക്ഷിയാണ് പൊതു താൽപര്യ ഹർജി നൽകിയത്. ജസ്റ്റിസുമാരായ എസ് വി ഗംഗാപുർ വാല , പി ഡി ആദി കേശവുലു എന്നിവരാണ് ഹർജി പരിഗണിക്കുക.

സെന്തിൽ ബാലാജി വകുപ്പില്ലാതെ മന്ത്രിയായി തുടരുന്നത് ഗവർണർ അംഗീകരിക്കുന്നില്ല. മന്ത്രിയായി നിയോഗിച്ചു സർക്കാർ പണം പാഴാക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം മന്ത്രിയായി തുടരുന്നതെന്നും ഹർജിയിൽ ചോദിച്ചിട്ടുണ്ട്.

സെന്തിൽ ബാലാജിക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും ജുഡീഷ്യൽ കസ്റ്റഡിയിലാണെങ്കിലും സർക്കാരിന്റെ രഹസ്യ ഫയലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം, ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലേക്കു മാറ്റിയ സെന്തിൽ ബാലാജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കാവേരി ആശുപത്രി അധികൃതർ അറിയിച്ചു.

അതിനിടെ മൗലികാവകാശങ്ങൾ ലംഘിച്ചും മാനുഷിക പരിഗണന നൽകാതെയുമാണു മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്നു കുടുംബം മദ്രാസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സെന്തിൽ ബാലാജിയുടെ ഭാര്യ മേഘല സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ ജെ.നിഷ ബാനു, ഡി.ഭരതചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ എൻ.ആർ.ഇളങ്കോയാണ് ഇക്കാര്യം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here