ശിവശങ്കറെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി ഏകദേശം 25 മണിക്കൂറോളം ആണ് എന്‍.എ.എ ചോദ്യം ചെയ്തത്. കേരളം ആകമാനം ആകാംഷയോടെ വീക്ഷിച്ച ചോദ്യോത്തരവേള ഇന്നലെ താല്‍ക്കാലികമായി എന്‍.ഐ.എ അവസാനിപ്പിച്ചിരുന്നു. അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ ശിവശങ്കറെ വിളിക്കും എന്ന വിവരമാണ് അവസാനമായി ലഭിക്കുന്നത്. സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്നുമുള്ള മൊഴിയില്‍ ശിവശങ്കര്‍ ഉറച്ച് നിന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ ശിവശങ്കറിന് ക്ലീൻ ചിറ്റ് നൽകിയെന്ന് പറയാനാകില്ലെന്നാണ് എന്‍.ഐ.എ പറയുന്നത്. അന്വേഷണത്തിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എൻഐഎ അടുത്തയാഴ്ച തുടങ്ങും. 2019 ജൂലൈ മുതലുളള ഒരു വർഷത്തെ സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ശേഖരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കളളക്കടത്തുമായി ബന്ധപ്പെട്ട ആരെങ്കിലും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നെന്ന് ബോധ്യപ്പെട്ടാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.കളളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലർ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പല തവണ എത്തിയെന്നാണ് നിഗമനം.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം ആരെയെങ്കിലും ഇവർ കണ്ടിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനിടെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ഇരു പ്രതികളും കസ്റ്റംസ് കസ്റ്റഡിയിൽ ആയതിനാൽ ഹർജിയില്‍ വാദം കേട്ടശേഷം മാറ്റിവയ്ക്കാനാണ് സാധ്യത.