ചെന്നൈ: മന്ത്രിയും എം പിയും പങ്കെടുത്ത ചടങ്ങിനിടെ മലയാളി ജില്ലാ കളക്ടർക്ക് നേരെ കയ്യേറ്റം. തമിഴ്നാട് പിന്നോക്കക്ഷേമ മന്ത്രി ആർ എസ് രാജകണ്ണപ്പനും മുസ്‌ലിം ലീഗ് എം പി നവാസ് കനിയും പങ്കെടുത്ത ചടങ്ങിനിടെയാണ് രാമനാഥപുരം കളക്ടർ ബി വിഷ്ണുചന്ദ്രനെ തള്ളി താഴെയിട്ടത്. സംഭവത്തിൽ എം പിയുടെ പി എ വിജയ് രാമുവിനെ അറസ്റ്റ് ചെയ്തു. നിശ്ചയിച്ചതിലും 15 മിനിറ്റ് നേരത്തേ പരിപാടി തുടങ്ങിയത് സംബന്ധിച്ച തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
ചീഫ് മിനിസ്റ്റേഴ്സ് കായികമേളയിലെ വിജയികൾക്ക് രാമനാഥപുരം ജില്ലാ ഭരണകൂടം സമ്മാനം നൽകുന്നതായിരുന്നു പരിപാടി. ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി മന്ത്രി എത്തിയതോടെ 2.45ന് ആരംഭിച്ചു. മൂന്നോടെ എത്തിയ എംപി ഇക്കാര്യത്തിലുള്ള പരിഭവം അധികൃതരെ അറിയിച്ചു. എം പിയോട് ശാന്തനാകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെയാണ് കളക്ടറെ പിടിച്ചു തള്ളുകയും അദ്ദേഹം താഴെ വീഴുകയും ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ വിഷ്ണു ചന്ദ്രൻ കഴിഞ്ഞ മാസമാണ് രാമനാഥപുരം കളക്ടറായി ചുമതലയേറ്റത്. ശിവഗംഗ കളക്ടറും മലയാളിയുമായ ആശ അജിത്താണ് ഭാര്യ.
ജില്ലാ കളക്ടറെ തള്ളിയിട്ടതിനെ തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ അപലപിച്ചു. ‘‘ഡിഎംകെ മന്ത്രിയും മുസ്‍ലിം ലീഗ് എംപിയും തമ്മിൽ പൊതു സ്ഥലത്തു വച്ചുണ്ടായ വാക്കേറ്റം തണുപ്പിക്കാനെത്തിയ ജില്ലാ കളക്ടറെ തള്ളിയിട്ടു. എല്ലാത്തരത്തിലും ഡിഎംകെ ഭരണം ജനാധിപത്യവിരുദ്ധമാണ്’’- അണ്ണാമലൈ ട്വീറ്റ് ചെയ്തു