കുട്ടിയാനയെ ഇന്നും അമ്മയാന കൊണ്ടുപോയില്ല.

0
64

അട്ടപ്പാടി പാലൂരിൽ ജനവാസമേഖലയിലെത്തിയ കുട്ടിയാനയെ ഇന്നും അമ്മയാന വന്ന് കൊണ്ടുപോയില്ല. ബൊമ്മിയാംപടിയിലെ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റ് ക്യാമ്പിലാണ് കുട്ടിയാന ഇപ്പോൾ ഉളളത്. അമ്മയാനക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയാണ് കുട്ടിയാനയെ നിർത്തിയിരിക്കുന്നത്. കുട്ടിയാനയെ ഇനിയും കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കിൽ സർക്കാർ തീരുമാനിക്കുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാലൂരിലെ ജനവാസമേഖലയിൽ കൂട്ടം തെറ്റി കുട്ടിയാന എത്തിചേർന്നത്. പിന്നാലെ മണിക്കൂറുകൾ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാൽ വെള്ളിയാഴ്ച കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു.

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വെളളവും കരിക്കും ഭക്ഷണങ്ങളുമെല്ലാം മടികൂടാതെ കഴിക്കുന്നുണ്ട് കൃഷ്ണയെന്ന് പേര് നൽകിയിരിക്കുന്ന കുട്ടിയാന. കഴിഞ്ഞ ദിവസം രാത്രി കൃഷ്ണക്കരികിൽ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കൃഷ്ണയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലാണ് ആനക്കൂട്ടം ഒപ്പം കൂട്ടാതിരിക്കാറ്. എന്നാൽ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടർ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. മറ്റ് വഴികളില്ലെങ്കിൽ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here