പാലക്കാട്: നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ വന്ന ബസുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. കൂനത്തറ ആശാദീപം സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.
ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ചിറയത്ത് എന്ന ബസും ഗുരുവായൂരില്‍ നിന്ന് പാലക്കാടേക്ക് പോവുകയയിരുന്ന രാജ പ്രഭ എന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു.
അതേസമയം ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തിൽ മരണം രണ്ടായി. അപകടത്തിൽ പരിക്കേറ്റ മൂന്നര വയസുകാരൻ അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.
പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിത്തു അപകടത്തെ തുടർന്ന് മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്