ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്‌മിന്റൺ: കെ ശ്രീകാന്ത് ക്വാർട്ടറിൽ

0
72

ഇന്തോനേഷ്യൻ ഓപ്പണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ കടന്നു. നാട്ടുകാരനായ ലക്ഷ്യ സെന്നിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീകാന്ത് മുന്നേറിയത്. 45 മിനിറ്റ് നീണ്ട 16-ാം റൗണ്ട് മത്സരത്തിൽ ശ്രീകാന്ത് ലക്ഷ്യ സെന്നിനെ 21-17, 22-20 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

രണ്ടുപേരും തങ്ങളുടെ ഭാഗത്ത് മികച്ച മുന്നേറ്റത്തോടെയാണ് മത്സരത്തിനിറങ്ങിയത്. 21-17, 21-13 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് മുൻ ലോക രണ്ടാം നമ്പർ താരം ലീ സി ജിയയെ തോൽപിച്ച് ലക്ഷ്യയും, ചൈനയുടെ ലു ഗുവാങ് സുവിനെ 21-13, 21-19ന് പരാജയപ്പെടുത്തി ശ്രീകാന്തും പ്രീ ക്വാർട്ടർ പ്രവേശനം മികച്ചതാക്കിയിരുന്നു.

ക്വാർട്ടറിൽ ഇരുവരും തമ്മിലുള്ള പോരാട്ടം തുടക്കം മുതൽ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിലും സെന്നിനെ മറികടന്ന് 11-10 എന്ന സ്‌കോറിന് ശ്രീകാന്ത് ലീഡ് നേടി. മത്സരം പുനരാരംഭിച്ചപ്പോഴും ശ്രീകാന്ത് ലീഡ് നിലനിർത്തിയെങ്കിലും ഇടയ്ക്കിടെയുള്ള പോയിന്റ് കൈമാറ്റം തുടർന്നു.

വിജയത്തിനായി ലക്ഷ്യ സെൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും മുൻ ലോക ഒന്നാം നമ്പർ താരമായ ശ്രീകാന്തിന് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ജൂൺ 16 വെള്ളിയാഴ്‌ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശ്രീകാന്ത് ലി ഷിഫെംഗിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here