ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ 2.20ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. കത്രയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 12 മണിക്കൂറിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ദോഡ ജില്ലയിലെ ഗണ്ഡോ ഭലേസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
കഴിഞ്ഞ ദിവസം മൂന്ന് രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്കൊപ്പം പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളിലായിരുന്നു ഭൂചലനം. മെയ് മാസത്തില്‍ ഇന്ത്യയില്‍ ആകെ 41 തവണ ഭൂകമ്പമുണ്ടായെന്നാണ് കണക്ക്. ഇതില്‍ 7 ഭൂചലനങ്ങള്‍ ഉത്തരാഖണ്ഡിലും 6 ഭൂചലനങ്ങള്‍ മണിപ്പൂരിലും ഉണ്ടായി.ഇതിന് പുറമെ അരുണാചലില്‍ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടു.അതേ സമയം ഹരിയാനയിലും മേഘാലയയിലും ഭൂമി 3 തവണ വീതം ഭൂമി കുലുങ്ങി.