തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ അലന്‍സിയര്‍. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് അലന്‍സിയര്‍ രംഗത്തെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം കണ്ടില്ല എന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല എന്ന് അലന്‍സിയര്‍ അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. വിഴിഞ്ഞം സമരത്തിന്റെ നൂറാം ദിവസമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അലന്‍സിയര്‍ മുതലപ്പൊഴിയില്‍ എത്തിയത്. ഇതിനിടെ പ്രസംഗത്തിനിടെ പള്ളിയും വേണ്ട അച്ചന്‍മാരും വേണ്ട എന്ന അലന്‍സിയറുടെ പരാമര്‍ശം സമരക്കാര്‍ ഇടപെട്ട് തിരുത്തുകയും ചെയ്തു.
എനിക്ക് സിനിമയുടെ ശീതളിച്ച മുറിയിലിരിക്കാം. ഞാന്‍ പാവങ്ങളുടെ ഒപ്പമാണ്. എല്ലാ പിന്തുണയും. അദാനി ഇവിടെ വരരുത്. നമ്മുടെ തീരം നമുക്കുള്ളതാണ്. നമ്മുടെ പള്ളി വേണ്ട, നമ്മുടെ തീരം.. നമ്മുടെ പള്ളീലച്ചന്‍മാരും വേണ്ട കന്യാസ്ത്രീകളും വേണ്ട. നമ്മുടെ തീരം നമുക്ക് വേണം. തീര്‍ച്ചയായിട്ടും ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശം തീരദേശവാസികള്‍ക്കാണ്.
ഇതിനിടയില്‍ ആയിരുന്നു സമരക്കാര്‍ ഇടപെട്ട് അലന്‍സിയറെ തിരുത്തിയത്. തീരവും പള്ളിയും വേണം എന്നായിരുന്നു സമരക്കാര്‍ വിളിച്ച് പറഞ്ഞത്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം എന്നായിരുന്നു അലന്‍സിയര്‍ ഇതിന് മറുപടി പറഞ്ഞത്. ഈ അഭിപ്രായം പറയാന്‍, സത്യം പറയാനുള്ള സ്വാതന്ത്ര്യം ഈ ജനാധിപത്യരാജ്യത്തുണ്ട്.
നിങ്ങള്‍ വേണം, മനുഷ്യര്‍ വേണം. ഇത്രയും കാലം പെട്ടിയില്‍ കാലും നീട്ടിയിരുന്നിട്ടാണ് ഈ അവസ്ഥയിലെത്തിയത്. ഇനി അതു പാടില്ല. ഇടതുപക്ഷത്തിന് ഭൂഷണമല്ല ഇത്. നന്മയുടെ പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. അതേസമയം സമരം ഇന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു.