ഇന്ത്യയിലെ 30 വർഷത്തെ അസ്ഥിരത ഒരൊറ്റ ബട്ടൺ കൊണ്ട് ജനം അവസാനിപ്പിച്ചു- പ്രധാനമന്ത്രി
ബെർലിൻ: മൂന്ന് ദശകങ്ങളായി ഇന്ത്യയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയെ ഒരൊറ്റ ബട്ടൺ കൊണ്ട് ജനങ്ങൾ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമൻ തലസ്ഥാനമായ ബെർലിനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെക്കുറിച്ചോ തന്റെ സർക്കാരിനോ കുറിച്ചോ സംസാരിക്കാനല്ല ഇവിടെയെത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഴിവുകളെക്കുറിച്ച് പറയാനും അവയെ പ്രശംസിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാർ എന്നുപറയുന്നത് ഇന്ത്യയിൽ ജീവിക്കുന്നവരെ മാത്രമല്ല, ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഭാരതാംബയുടെ മക്കളെ കുറിച്ചുകൂടിയാണ് പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. മൂന്ന് പതിറ്റാണ്ടുകളായി തുടർന്നുവന്ന അസ്ഥിരമായ രാഷ്ട്രീയ അന്തരീക്ഷത്തിന് ‘ഒരു ബട്ടൺ’ അമർത്തിക്കൊണ്ടായിരുന്നു ഇന്ത്യൻ ജനത അന്ത്യം കുറിച്ചത്. 30 വർഷത്തിന് ശേഷം 2014-ൽ പൂർണ ഭൂരിപക്ഷമുള്ള സർക്കാർ തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ അതേ സർക്കാരിനെ ഇന്ത്യൻ ജനത കൂടുതൽ ശക്തമാക്കി. സർക്കാർ വിവിധ പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. പരിഷ്കാരങ്ങൾക്ക് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇച്ഛാശക്തിയുള്ള സർക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. ജീവിതരീതി, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിൽ രാജ്യം മുൻപന്തിയിലാണ്. രാജ്യവും സംവാധാനവും ഓഫീസുകളും എല്ലാം സമാനമാണ്, പക്ഷെ അതിൽനിന്ന് ലഭിക്കുന്ന ഫലം മുൻപത്തേക്കാൾ മെച്ചപ്പെട്ടതാണ്, പ്രധാനമന്ത്രി വിശദീകരിച്ചു.
മൂന്ന് ദിവസത്തെ യൂറോപ്പ് പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലമായ വരവേൽപ്പാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ജർമനിയുടെ മികച്ച പങ്കാളിയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് കൂടിക്കാഴ്ചയിൽ പറഞ്ഞു. സുരക്ഷാ, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ ഇരുരാജ്യങ്ങളും പങ്കാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി