അമേരിക്കന്‍ പര്യടനത്തിനിടെ ട്രക്കില്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാഷിംഗ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 190 കിലോമീറ്ററാണ് അദ്ദേഹം ട്രക്കില്‍ സഞ്ചരിച്ചത്. യാത്രക്കിടെ ട്രക്ക് ഡ്രൈവറായ തേജീന്ദര്‍ ഗില്ലുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. ഗില്ലിന്റെ പ്രതിമാസ ശമ്പളത്തെ കുറിച്ച് രാഹുല്‍ ചോദിക്കുന്നതും മറുപടി കേട്ട് അദ്ദേഹം അമ്പരക്കുന്നതും വീഡിയോയില്‍ കാണാം.
നേരത്തെ പഞ്ചാബില്‍ വെച്ചും രാഹുല്‍ ഗാന്ധി ട്രക്ക് യാത്ര നടത്തിയിരുന്നു. തുടര്‍ന്ന് അമൃത്സറിലെ ട്രക്ക് ഡ്രൈവര്‍മാരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി. ഇതിന് പിന്നാലെയാണ് അമേരിക്കയിലെത്തിയ രാഹുല്‍ വീണ്ടും ട്രക്കില്‍ യാത്ര ചെയ്യുന്നത്. ഡ്രൈവറുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നാണ് രാഹുലിന്റെ യാത്ര. അതേസമയം അമേരിക്കയുടെ ട്രക്കുകള്‍ ഇന്ത്യയുടേതിനേക്കാള്‍ സുഖകരമാണെന്നും ഡ്രൈവറുടെ സൗകര്യം കണക്കിലെടുത്താണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ട്രക്കുകള്‍ ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നുംഅവ ട്രക്ക് ഡ്രൈവര്‍മാര്‍ക്കായി നിര്‍മ്മിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രക്കിലെ സുരക്ഷ അമേരിക്കയില്‍ പ്രധാനപ്പെട്ടതാണെന്ന് തേജീന്ദര്‍ ഗില്‍ പറഞ്ഞു. ഇവിടെ ഒരു പോലീസുകാരനും ശല്യപ്പെടുത്തുന്നില്ല. മോഷണ ഭയമില്ല. അമിത വേഗതയുണ്ടെങ്കില്‍ ഉറപ്പായും ഫൈന്‍ നല്‍കേണ്ടി വരുമെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.