ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറിലാണ് വെടിവെയ്പുണ്ടായത്.
പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു സൈന്യം.
പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) തീവ്രവാദ ഗ്രൂപ്പുകളുടെ തലവന്മാരും ആയുധങ്ങളും സന്ദേശങ്ങളും കൈമാറാന്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതായി ഒരു ഉന്നത സൈനിക ഉദ്യോഗസഥന്‍ ഞായറാഴ്ച്ച വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞിരുന്നു.
നിയന്ത്രണ രേഖയിലിരിക്കുന്ന ആളുകള്‍ തന്ത്രങ്ങള്‍ മെനയുകയും നിലവിലുള്ള സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനാല്‍ സൈന്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ചിനാര്‍ കോര്‍പ്‌സ് എന്നറിയപ്പെടുന്ന ശ്രീനഗര്‍ ആസ്ഥാനമായുള്ള 15 കോര്‍പ്‌സിന്റെ ജനറല്‍ ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ അമര്‍ദീപ് സിംഗ് ഔജ്ല പറഞ്ഞു.
ഈ മാസം ആദ്യം രജൗരി ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയിടുക്കില്‍ നിന്നായിരുന്നു ഭീകരന്റെ മൃതദേഹം വീണ്ടെടുത്തത്. അവിടെ നിന്നായിരുന്നു ഇയാള്‍ വെടിവയ്പ് നടത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്നോണം പ്രദേശത്തെ എല്ലാ സ്‌കൂളുകളും അധികൃതര്‍ അടച്ചു