സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുള്‍പ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.
പുന്നയൂര്‍ക്കുളം രാമച്ച കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും. പത്ത് ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതതിന് 80 ശതമാനം തുക സര്‍ക്കാര്‍ നല്‍കും. കൃഷി ക്കൂട്ടങ്ങള്‍ രൂപീകരിച്ച് മൂല്യവര്‍ദ്ധിതം, വിപണനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം.അഗ്രോ ബിസ്നസ് വഴി രാമച്ച മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കും. നാട്ടിലും മറുനാട്ടിലും ഇതു വഴി രാമച്ച വിപണനം നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ മേഖലയില്‍ കൃഷി ചെയ്യുന്ന കര്‍ഷകരുടെ രാമച്ച ഉല്പന്നങ്ങള്‍ക്ക് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതു ബ്രാന്റായ കേരള ഗ്രോയില്‍ ഉള്‍പ്പെടുത്തും. രാമച്ച ഉല്പന്നങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് ഉല്പന്നങ്ങള്‍ മനോഹരമായി പാക്കിങ്ങ് നടത്താനാവശ്യമായ പരിശീലനം നല്‍കും. ബോംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങ് സ്ഥാപനത്തില്‍ സര്‍ക്കാര്‍ സൗജന്യ പരിശീലനം നല്‍കും. പാക്കിങ്ങില്‍ ക്യൂആര്‍ കോഡ് ഏര്‍പ്പെടുത്തി വിപണനം നടത്തണമെന്നും ചാവക്കാട് രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നില്‍ എത്തിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് മന്ത്രി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ പെരിയമ്ബലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംവാദം മന്ത്രി തൈ നനച്ച് ഉദ്ഘാടനം ചെയ്തു.
എൻ കെ അക്ബര്‍ എംഎല്‍എ അധിക്ഷനായി. പ്രിൻസിപ്പിള്‍ കൃഷി ഓഫീസര്‍ ഉഷ മേരി ഡാനിയല്‍ വിഷയാവതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജലീല്‍ വീട്ടിപറമ്ബില്‍, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍, വാര്‍ഡ് മെമ്ബര്‍ കെ എച്ച് ആബിദ്, ചാവക്കാട് കൃഷി അസി. ഡയറക്ടര്‍ എ എൻ മനോജ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാമച്ച കര്‍ഷക സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീര്‍ സ്വാഗതവും കൃഷി ഓഫീസര്‍ പി എ നാനു നന്ദിയും പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാല അസി.പ്രൊഫസര്‍ ഡോ. വിധു ഫ്രാൻസിസിന്റെ നേതൃത്വത്തില്‍ രാമച്ച കൃഷിയും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ സാധ്യതകളും എന്ന വിഷയത്തില്‍ കര്‍ഷക ചര്‍ച്ച നടന്നു. പാരമ്ബര്യ രാമച്ച കര്‍ഷകൻ കടത്തേടത്ത് ഭാസ്കരനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.