സഹോദരങ്ങൾ വീട്ടിലെ മരപ്പെട്ടിക്കുള്ളിൽ മരിച്ച നിലയിൽ

0
70

ന്യൂഡൽഹി: കാണാതായ സഹോദരങ്ങളെ വീട്ടിലെ മരപ്പെട്ടിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജോഗ ബായ് എക്സ്റ്റൻഷിനിലാണ് സംഭവം. എട്ടും ആറും വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെട്ടിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാമിയ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നീരജ (8), ആരതി(6) എന്നീ കുട്ടികളാണ് മരിച്ചത്. കളിക്കുന്നതിനിടയിൽ പെട്ടിക്കുള്ളിൽ അകപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ പിതാവ് ബൽബീർ സ്വകാര്യ സ്ഥാപനത്തിലെ വാച്ച്മാനാണ്. ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30 നാണ് കുട്ടികളെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ പെട്ടിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടികളുടെ ശരീരത്തിൽ പരിക്കുകളൊന്നും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല. വായു സഞ്ചാരമില്ലാത്ത പെട്ടിക്കുള്ളിൽ ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്ന് ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (സൗത്ത് ഈസ്റ്റ്) രാജേഷ് ഡിയോ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാൾ സ്വദേശികളാണ് കുട്ടികളുടെ മാതാപിതാക്കൾ. അഞ്ച് പെൺകുട്ടികളും ഒരു മകനുമാണ് ഇവർക്കുള്ളത്. പെട്ടിക്കുള്ളിൽ നിന്നും കുട്ടികളെ കണ്ടെത്തുമ്പോൾ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് സംഭവ സ്ഥലത്ത് ആദ്യമെത്തിയ സാമൂഹ്യ പ്രവർത്തകൻ മെഹ്മൂദ് അഹ്മദ് പറയുന്നു. ഒരു കുട്ടിയുടെ വായിൽ നിന്നും നുര വരുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here