കോൺ​ഗ്രസ് വിടാനുള്ള സച്ചിൻ്റെ നീക്കം നിഷേധിച്ച് കോൺഗ്രസ്.

0
53

ദില്ലി: കോൺ​ഗ്രസ് വിടാനൊരുങ്ങുന്ന സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. സച്ചിനായി കഴിഞ്ഞ ഹൈക്കമാൻഡ് യോഗത്തിൽ അനുനയ ഫോർമുല തയ്യാറായിരുന്നു. സച്ചിനും അത് അംഗീകരിച്ചിരുന്നുവെന്നും രൺധാവ പറഞ്ഞു. അതേസമയം, കോൺ​ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായി നിൽക്കുമ്പോഴും വിഷയത്തിൽ മൗനം തുടരുകയാണ് പൈലറ്റ്. കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകളോട് സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺ​ഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വിവരം.

അതേസമയം, സച്ചിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കെ.സി വേണുഗോപാൽ സച്ചിൻ പൈലറ്റുമായി സംസാരിച്ചു. കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നാവശ്യപ്പട്ടിട്ടുണ്ട്. സച്ചിൻ്റെ ആവശ്യങ്ങളിൽ പരിഹാരമുണ്ടാകും ഉറപ്പ് നൽകി. സച്ചിനുമായുള്ള ചർച്ചകൾ തുടരുമെന്നും കെസി വേണു​ഗോപാൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാർട്ടി വിടുന്നതായി വാർത്തകൾ പുറത്തുവന്നത്. സച്ചിൻ പുതിയ പാര്‍ട്ടി രൂപികരിക്കാൻ ശ്രമിക്കുന്നതായാണ് വിവരം. രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികമായ ജൂണ്‍ 11ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തില്‍ സമവായമാകാത്തതാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപികരിക്കാനാണ് ആലോചന. രാജസ്ഥാനില്‍ ഡിസംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here