ബാലാസോര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി പുതുക്കി ഒഡീഷ സര്‍ക്കാര്‍. തിങ്കളാഴ്ച വരെ 275 മരണങ്ങള്‍ സ്ഥിരീകരിച്ചതായും മൃതദേഹങ്ങള്‍ പരിശോധിച്ചതിന് ശേഷം ഇത് 288 ആയതായും ചീഫ് സെക്രട്ടറി പികെ ജെന പറഞ്ഞു. ആകെയുള്ള 288 മൃതദേഹങ്ങളില്‍ 205 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ കുടുംബങ്ങള്‍ക്ക് കൈമാറിയെന്നും ജെന പറഞ്ഞു. ബാക്കിയുള്ള 83 മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി എയിംസ്-ഭുവനേശ്വരിലും മറ്റ് ആശുപത്രികളിലും സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പുറത്തുവിട്ട ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൂടെ നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാ മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സയ്ക്കും മൃതദേഹങ്ങള്‍ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ജെന പറഞ്ഞു.
ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് 1.95 കോടി രൂപ അനുവദിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് (സിഎംആര്‍എഫ്) പണം അനുവദിച്ചത്.