പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നന്‍’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റാലിനൊപ്പം കട്ടകലിപ്പിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു.
കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ജൂണ്‍ 1ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടന്നു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ ഷോ ആയിരുന്നു ഓഡിയോ റിലീസിലെ ഹൈലൈറ്റ്. ഒപ്പം ഈ ചടങ്ങില്‍ മുഖ്യാതിഥിയായി കമല്‍ഹാസനും എത്തിയിരുന്നു. ഇപ്പോള്‍ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള ഒരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിത്രത്തിൽ നടന്‍ വടിവേലു ആലപിച്ച ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. രാസകണ്ണ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഡിയോ ലോഞ്ച് വേദിയിലും വടിവേലു ഈ ഗാനം ആലപിച്ചു. റഹ്മാനും ഹാര്‍മോണിയവുമായി അടുത്തുണ്ടായിരുന്നു. എന്നാല്‍ ഗാനം കേട്ട് കമല്‍ഹാസന്‍ നിറകണ്ണുകളോടെ ഇരിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ നായികയാകുന്നത് കീർത്തി സുരേഷ് ആണ്. പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉദയനിധിയുടെ അവസാനത്തെ ചിത്രമാണ് ഇത്. വടിവേലുവും ശക്തമായ കഥാപാത്രവുമായി ചിത്രത്തിലുണ്ട്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.