ഗള്‍ഫ് രാജ്യങ്ങള്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലിയും ഉപജീവന മാര്‍ഗവും നല്‍കുന്നുണ്ടെന്നും അവിടെ നിന്ന് പണമയയ്ക്കുന്നതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് വേണു രാജാമണി. കേരള സര്‍ക്കാരിന്റെ എക്സ്റ്റേണല്‍ കോപ്പറേഷന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറാണ് വേണു രാജാമണി. ഈ രാജ്യങ്ങളും കൂടുതല്‍ മത്സരാധിഷ്ഠിതമായി മാറുന്ന ഈ സമയത്ത് മിഡില്‍-ഈസ്റ്റുമായി അടുത്ത ബന്ധം കെട്ടിപ്പടുക്കുന്നത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യക്കാരെക്കുറിച്ച്, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികളെക്കുറിച്ച് നല്ല മതിപ്പാണുളളത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷിബന്ധം മുതല്‍ നയതന്ത്ര ബന്ധത്തെ വരെ അടുത്ത തലത്തിലേക്കെത്തിക്കുമെന്നും ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ പറഞ്ഞു.
ഗള്‍ഫിലെ അറബികള്‍ക്ക് ഇന്ത്യക്കാരില്‍ കേരളത്തില്‍ നിന്നുള്ളവരെക്കുറിച്ച് നല്ല അഭിപ്രായമാണുളളതെന്നും വേണു രാജാമണി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ പാകിസ്ഥാനികളേക്കാള്‍ ഇന്ത്യക്കാരെയാണ് വിലമതിക്കുന്നത്. അറബികളുമായുള്ള ബന്ധത്തില്‍ ചൈനയ്ക്ക് ഒരിക്കലും ഇന്ത്യയുമായി താരതമ്യപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹിയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധങ്ങള്‍ ഉണ്ടെങ്കിലും, വ്യാപാരവും നിക്ഷേപവും വികസിപ്പിക്കുക, രാഷ്ട്രീയ ബന്ധങ്ങള്‍ രൂപപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില്‍ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസഫ് സയീദ് പറഞ്ഞു
വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, സമുദ്രസുരക്ഷ, പ്രതിരോധം, പ്രവാസി തുടങ്ങി നിരവധി മേഖലകളില്‍ ഗള്‍ഫ് മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ പദ്ധതിയിടുന്നുണ്ടെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ജിസിസി രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.