ഇന്ത്യൻ നേവിയുടെ പരീശീനത്തെ പുകഴ്ത്തി കമാൻഡർ അഭിലാഷ് ടോമി. ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്ത് 2023ലെ ‘ഇൻസ്‌പൈർ: എ ഡേഞ്ചറസ് റൊമാൻസ്: മൈ ട്രൈസ്‌റ്റ് വിത്ത് ദി ഹൈ സീസ്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അഭിലാഷ് ടോമി. ഇന്ത്യൻ നേവൽ അക്കാദമിയിലെ ഒരു പരീശീല ദിവസത്തേക്കാൾ എളുപ്പമാണ് നട്ടെല്ല് തകർന്ന് ബോട്ടിൽ സമുദ്രത്തിലകപ്പെട്ട മൂന്ന് ദിവസമെന്ന് രാജ്‌ദീപ് സർദേശായിയുടെ ചോദ്യത്തിന് മറുപടിയായി അഭിലാഷ് പറഞ്ഞു.
സെഷന്റെ തുടക്കത്തിൽ അഭിലാഷ് ടോമിയ്ക്ക് വേണ്ടി പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് മനോഹര കാഴ്‌ചയായി. ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ‘ടൈറ്റാനിയം മാൻ’ എന്നറിയപ്പെടുന്ന കമാൻഡർ അഭിലാഷ് ടോമി. അഞ്ച് വർഷം മുൻപ് ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കവെ സംഭവിച്ച അപകടത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
“2018ലെ ഗോൾഡൻ ഗ്ലോബ് റേസിൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഞാൻ മൂന്നാം സ്ഥാനത്തായിരുന്നു. അതിനിടെ വലിയൊരു കൊടുങ്കാറ്റ് എനിക്ക് നേരിടേണ്ടി വന്നു. ആ അപകടത്തിൽ ഞാനൊരു അലൂമിനിയം തൂണിലേക്ക് വീണു. എന്റെ നട്ടെല്ല് പൊട്ടി. അതോടെ റേസിൽ നിന്നും ഞാൻ പുറത്തായി.” അദ്ദേഹം പറഞ്ഞു.
“എന്റെ ഭാര്യയുടെ പേര് ഊർമിമാല എന്നാണ്, അതായത് സമുദ്ര തിരമാലകളുടെ ഒരു ചരട് എന്നർത്ഥം, അതിനാൽ കടലിൽ പോകുന്ന ഒരു നാവികനെ അവൾക്ക് എങ്ങനെ തടയാനാകും.” കുടുംബത്തിന്റെ പിന്തുണയെ കുറിച്ചുള്ള ചോദ്യത്തോട് അഭിലാഷ് ടോമിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.