കരപ്പുറം കാര്‍ഷിക കാഴ്ചകളുടെ സമാപന സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കരപ്പുറത്തിൻ്റെ തനത് ബ്രാൻ്റുകള്‍ സൃഷ്ടിക്കുമെന്നും കാര്‍ഷിക പാരമ്ബര്യവും പൈതൃകവും തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവര്‍ഷവും കരപ്പുറം കാര്‍ഷിക കാഴ്ചകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചേര്‍ത്തല മണ്ഡലം വിഷൻ 2026 രൂപരേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള സാധ്യതകളെക്കുറിച്ച് അറിയാനായി മേളയില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റിലൂടെ 1.14 കോടി രൂപയുടെ ധാരണ പത്രമാണ് ഉണ്ടായത്. പ്രമുഖരായ ഒട്ടേറെ സ്ഥാപനങ്ങള്‍ ചേര്‍ത്തലയില്‍ നിന്നുള്ള കാര്‍ഷികോത്പ്പന്നങ്ങള്‍ സ്വീകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. കാര്‍ഷിക വിളകളുടെ സംഭരണത്തിനും സംസ്കരണത്തിനുമായി ചേര്‍ത്തലയില്‍ അഗ്രോ പാര്‍ക്ക് നിര്‍മ്മിക്കും. ഉത്പാദനത്തിനും സംസ്കരണത്തിനുമായി അഗ്രോ പാര്‍ക്ക് കേന്ദ്രീകരിച്ച് നൂറ് കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വന്തമായി കൃഷിഭൂമിയുള്ള കരപ്പുറത്തെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാൻ തീരുമാനിച്ചു. ആദ്യപടിയായി 25,000 പേര്‍ക്കാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നത്. പഴവര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം 25000 വീടുകളില്‍ പ്ലാവ്, മാവ്, വാഴ എന്നിവയുടെ തൈകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യും. ഔഷധകൃഷി കൊണ്ടുവരുന്നതിനായും ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായും പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. 2026 ഓടുകൂടി ചേര്‍ത്തലയെ കാര്‍ബണ്‍ ന്യൂട്രല്‍ മണ്ഡലമാക്കുമെന്നും മന്ത്രി അറിയിച്ചു.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന സമാപന സമ്മേളനത്തില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി. സമ്മാന വിതരണം നടത്തി. പിന്നാക്ക വികസന കോര്‍പ്പറേഷൻ ചെയര്‍മാൻ കെ. പ്രസാദ്, മുതിര്‍ന്ന കര്‍ഷകൻ സി.ജി പ്രകാശൻ മായിത്തറ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ശോഭ, കഞ്ഞിക്കുഴി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആര്‍.ജീവൻ, വിവിധ കോര്‍പ്പറേഷനുകളുടെ ചെയര്‍മാൻമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.