മണിപ്പുരിൽ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയെങ്ങിൽ കുക്കി തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നതിനായി സൈന്യവും അർദ്ധസൈനിക സേനയും പോരാട്ട ഭൂമിയിൽ വിന്യസിച്ചതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും.
എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോട് സംവദിച്ച മുഖ്യമന്ത്രി സംഘർഷം സമുദായങ്ങൾ തമ്മിലല്ല, തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലാണെന്ന് അവകാശപ്പെട്ടു. മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 40 ഓളം സായുധ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഞ്ചാരം തടസ്സപ്പെടുത്തരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച മുഖ്യമന്ത്രി, “സർക്കാരിൽ വിശ്വാസവും സുരക്ഷാ സേനയെ പിന്തുണയ്ക്കുകയും” അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം മെയ് 31 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.