ധോണി ഐപിഎൽ ട്രോഫിയുമായി മടങ്ങുമോ?

0
72

അഹമ്മദാബാദ്: പതിനാറാത് ഐപിഎലിന്‍റെ ഫൈനൽ പോരാട്ടത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ധോണിയുടെ കീഴിൽ ചെന്നൈ അഞ്ചാം ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. ഈ ഐപിഎൽ സീസണോടെ കളി മതിയാക്കുമെന്ന സൂചന നൽകുന്ന ധോണിക്ക് കിരീടവുമായി വീരോചിത യാത്രയയ്പ്പാണ് ചെന്നൈ ലക്ഷ്യമിടുന്നത്. അതേസമയം ഐപിഎലിൽ അരങ്ങേറ്റം കുറിച്ച് ആദ്യ സീസണിൽതന്നെ കിരീടവുമായി മടങ്ങിയ ഗുജറാത്ത്, ഇത്തവണയും സ്വന്തം തട്ടകത്തിൽ കപ്പുയർത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്നത്. തുടർച്ചയായി രണ്ട് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസിന്‍റെയും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെയും നേട്ടത്തിനൊപ്പമെത്താൻ ഗുജറാത്തിന് കഴിയുമോയെന്നും ഇന്നറിയാം.

ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോയിന്‍റെ ടേബിളിൽ ഗുജറാത്ത് ഒന്നാമതായിരുന്നു. എന്നാൽ ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് തോറ്റു. രണ്ടാം ക്വാളിഫയറിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞാണ് ഗുജറാത്ത് ഫൈനലിലേക്ക് എത്തുന്നത്.

ലീഗിലെ 14ല്‍ 10 മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് ക്വാളിഫയറിലേക്ക് എത്തിയത്. ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് 15 റണ്‍സിന് തോൽക്കുകയായിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയറില്‍ മുംബൈയെ 62 റണ്‍സിന് തകർത്താണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് എത്തുന്നത്. കഴിഞ്ഞ നാൽ ഇന്നിംഗ്സുകളിൽ മൂന്നാം സെഞ്ച്വറിയുമായി തകര്‍ത്താടിയ ഓപ്പണര്‍ ശുഭ്മൻ ഗില്ലിന്‍റെ തോളിലേറിയാണ് ഗുജറാത്തിന്‍റെ കുതിപ്പ്. ഇത്തണവണ 851 റണ്‍സുമായി ഓറഞ്ച് ക്യാപ് ഗിൽ സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ബാറ്റിങ് പോലെ ഗുജറാത്തിന്റെ ബൗളിങ് നിരയും ശക്തമാണ്. വിക്കറ്റ് നേട്ടത്തില്‍ മൂന്നില്‍ നില്‍ക്കുന്ന പേസര്‍മാരായ മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും ലെഗ് സ്പിന്നര്‍ റാഷിദ് ഖാനുമെല്ലാമടങ്ങിയ സംഘം ഏതൊരു ബാറ്റിങ് നിരയ്ക്കും ഭീഷണിയാണ്. രണ്ടാം ക്വാളിഫയറില്‍ 10 റണ്‍സ് മാത്രം വഴങ്ങി മോഹിത് പറഞ്ഞുവിട്ടത് അഞ്ചുപേരെ. റാഷിദും പാണ്ഡ്യയും പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്നുണ്ട്. സൂപ്പര്‍ കിങ്സിനോട് ടൈറ്റൻസ് തോറ്റത് ചെന്നൈയിലായിരുന്നെങ്കില്‍ ഇന്ന് കളി മാറും. സ്വന്തം തട്ടകത്തിൽ ചെന്നൈയെ വീഴ്ത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഗുജറാത്ത് പട.

അതേസമയം മറുവശത്ത് നായകനെന്ന നിലയിൽ ധോണിയുടെ തന്ത്രങ്ങളാണ് ചെന്നൈയെ ഫൈനലിലെത്തിച്ചതെന്ന് നിസംശയം പറയാം. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ വീഴ്ത്തിയതും ‘തല’യുടെ തന്ത്രങ്ങൾ തന്നെ. ധോണി കിരീടം ഏറ്റുവാങ്ങി വിരമിക്കൽ പ്രഖ്യാപിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപണര്‍മാരായ ഡെവോണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക് വാദ്, തുടര്‍ന്നെത്തുന്ന അജിൻക്യ രഹാനെ എന്നിവരുടെ മികച്ച ഫോമിലാണ് ചെന്നൈ പ്രതീക്ഷ അർപ്പിക്കുന്നത്.

ബോളിങ്ങിൽ രവീന്ദ്ര ജഡേജയുടെ മികവിനെയാണ് ചെന്നൈ കൂടുതലായി ആശ്രയിക്കുന്നത്. അതിനൊപ്പം ഓപ്പണിങ് ബോളറായ ദീപക് ചഹാറിലും പ്രതീക്ഷയുണ്ട്. കൂടാതെ തുഷാര്‍ ദേശ്പാണ്ഡെ, തീക്ഷണ, പതിരണ എന്നിവരിലും ചെന്നൈയ്ക്ക് പ്രതീക്ഷയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here