ക്യൂആർ കോഡുകളിലൂടെ വളരുന്ന ഗ്രാമീണ ഇന്ത്യ

0
64

കോവിഡ് -19 മഹാമാരിയിൽ നിന്ന് ഇന്ത്യ കരകയറുമ്പോൾ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) കുറിച്ചുള്ള ചർച്ചകളും ഉയരുന്നുണ്ട്. മറ്റെല്ലാ മേഖലകളും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും MSME മേഖലയെ സംബന്ധിച്ച പ്രശ്നങ്ങൾ ഒരു കരപറ്റുന്നില്ല എന്നതാണ് വാസ്തവം. കാരണം ചെറുകിട വ്യവസായങ്ങൾ ഇപ്പോഴും മുന്നോട്ട് പോകാൻ ഒരു അടിത്തറ കണ്ടെത്താൻ പാടുപെടുകയാണ്. പ്രതിസന്ധികളിൽ നിന്ന് പൂർണ്ണമായി മുക്തമല്ലെങ്കിലും നഗര ഇന്ത്യ ഒരു പരിധിവരെ വിഭവങ്ങൾ കണ്ടെത്തുന്നുണ്ട്. എന്നാൽ നോട്ട് നിരോധനം, കോവിഡ് -19 മഹാമാരി തുടങ്ങിയ പ്രധാന സംഭവങ്ങളുടെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നത് ഗ്രാമീണ ഇന്ത്യയാണ്.

2022ന്റെ തുടക്കത്തിൽ എംഎസ്എംഇ മന്ത്രി നാരായൺ റാണെ ലോക്സഭയിൽ ഒരു സർവേ റിപ്പോർട്ട് ഉദ്ധരിച്ച് പറഞ്ഞത് 2021 സാമ്പത്തിക വർഷത്തിൽ 67 ശതമാനം എംഎസ്എംഇകളും കോവിഡ് കാരണം മൂന്ന് മാസത്തേക്ക് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നാണ്. 2020-21ൽ 50 ശതമാനത്തിലധികം വരുന്ന യൂണിറ്റുകളുടെ വരുമാനത്തിൽ 25 ശതമാനത്തിലധികം കുറവുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ലിക്വിഡിറ്റി (55 ശതമാനം യൂണിറ്റുകൾ), പുതിയ ഓർഡറുകൾ (17 ശതമാനം യൂണിറ്റുകൾ), തൊഴിലാളികൾ (ഒൻപത് ശതമാനം യൂണിറ്റുകൾ), ലോജിസ്റ്റിക്‌സ് (12 ശതമാനം യൂണിറ്റുകൾ), അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത (എട്ട്) എന്നിങ്ങനെയാണ് എംഎസ്എംഇകൾ നേരിടുന്ന ഏറ്റവും നിർണായകമായ അഞ്ച് പ്രശ്‌നങ്ങൾ എന്നും കണക്കാക്കി.

അതേസമയം ഗ്രാമീണ ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങൾ കോവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ കണക്റ്റിവിറ്റിയിലേക്ക് വളരെ വേഗത്തിൽ പ്രവേശിച്ചു എന്നത് ഒരു പ്രത്യേകതയാണ്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ബിസിനസുകളും ക്യുആർ കോഡുകൾ ഉപയോഗിച്ച് ഡിജിറ്റൽ പേയ്‌മെന്റുകളാണ് സ്വീകരിക്കുന്നത്. നോട്ട് നിരോധനത്തിനും മഹാമാരിക്കും ശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ ഡിജിറ്റൽ പണമിടപാടുകളിൽ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. അഗ്രി ടെക് പ്ലാറ്റ്‌ഫോമുകൾ, അർബൻ ഫാം-ടു-ഫോർക്ക്, ഡയറക്‌ട്-ടു-കൺസ്യൂമർ (ഡി2സി) കമ്പനികൾ എന്നിവയുൾപ്പെടെയുള്ള വിവിധ പങ്കാളികൾ ഈ സാമ്പത്തിക ഇടപാടിൽ സജീവമായി പങ്കെടുക്കുന്നതിലേക്ക് ഇത് നയിച്ചു. വ്യവസായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനുള്ളിൽ മർച്ചന്റ് ഓൺബോർഡിംഗിന്റെ പ്രതിമാസ വളർച്ച എട്ട് ശതമാനത്തിൽ നിന്ന് 23 ശതമാനമായി വർദ്ധിച്ചു.

അതോടൊപ്പം ഗ്രാമീണ മേഖലയിലെ ഇടപാടുകളുടെ ശരാശരി എണ്ണം ഒന്നിൽ നിന്ന് അഞ്ചായും വർദ്ധിച്ചിട്ടുണ്ട്. പൊതുമേഖല, സ്വകാര്യ, പ്രാദേശിക ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ ഡിജിറ്റൽ സാങ്കേതികവിദ്യയെ കൂടുതലായി സ്വീകരിക്കുന്നതിനാൽ ഇവിടെ സാഹചര്യങ്ങൾ മാറുകയാണ്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പ്രവർത്തിക്കുന്നതും ജാം ട്രിനിറ്റി (ജൻ ധൻ, ആധാർ, മൊബൈൽ) എന്നിവയുമായി ബന്ധിപ്പിച്ചതുമായ ക്യുആർ കോഡുകൾ ഗ്രാമീണ MSMEകളെ ഡിജിറ്റലായി മുന്നേറാൻ സഹായിക്കുന്നുണ്ട്. ഈ വികസനം ഒരു മിഥ്യയല്ല, യാഥാർത്ഥ്യമാണ് എന്ന് ഇപ്പോപേ (IppoPay) ചീഫ് സ്ട്രാറ്റജി ഓഫീസർ രാംപ്രശാന്ത് ഗണേശൻ പറഞ്ഞു.

യുപിഐ ഇടപാടുകളുടെ എണ്ണം 2017 സാമ്പത്തിക വർഷത്തിലെ 1.8 കോടിയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 8,375 കോടിയായി വർധിച്ചു. യുപിഐ ഇടപാടുകളുടെ മൂല്യവും ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 6,947 കോടി രൂപയിൽ നിന്ന് 139 ലക്ഷം കോടി രൂപയായി ഇത് ഉയർന്നു. എംഎസ്എംഇ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ ലെൻഡറായ നിയോഗ്രോത്ത് നടത്തിയ ഒരു സർവേ പ്രകാരം 70 ശതമാനം MSMEകളും തങ്ങളുടെ റീട്ടെയിൽ വിൽപ്പനയുടെ പകുതിയിലധികവും യുപിഐ വഴിയാണ് നടത്തുന്നത്. ഈ രാജ്യത്തെ 1.4 ബില്യൺ ആളുകൾ പണരഹിത സമൂഹത്തിലേക്ക് നീങ്ങുമ്പോൾ, ക്യുആർ കോഡുകൾ ആവശ്യമാണ് എന്നും സർവ്വേ പറയുന്നു.

ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (IFC) കണക്കനുസരിച്ച്, ഇന്ത്യയിൽ 55.8 ദശലക്ഷം MSME-കൾ ഉണ്ട്. അവയിലെല്ലാം ചേർത്ത് ഏകദേശം 124 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നു. ഈ സംരംഭങ്ങളിൽ 60 ശതമാനവും ഗ്രാമീണ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. 2022 ഡിസംബറിൽ ഡെവലപ്‌മെന്റ് ഇന്റലിജൻസ് യൂണിറ്റും ഡെവലപ്‌മെന്റ് ആൾട്ടർനേറ്റീവ്‌സും ചേർന്ന് നടത്തിയ ഒരു സർവേയിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന 44 ശതമാനം യുവാക്കളും സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തി. അതിനാൽ അവർക്ക് ഉചിതമായ പിന്തുണയോടെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വരുമാനം വർദ്ധിപ്പിക്കുന്നതിലൂടെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെയും ഗ്രാമീണ MSMEകൾക്ക് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here