ആഴ്ച്ചകളായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി യോഗ ഗുരു രാംദേവ്. ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ ജയിലില്‍ അടയ്ക്കണമെന്നും രാംദേവ് പറഞ്ഞു.
‘ഗുസ്തി ഫെഡറേഷന്‍ മേധാവിക്കെതിരെയുളള പീഡന ആരോപണവും, ഇതിനെതിരെ രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കേണ്ടി വരുന്നതും അങ്ങേയറ്റം ലജ്ജാകരമാണ്. ഇത്തരക്കാരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണം. അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും കുറിച്ച് ദിവസവും അദ്ദേഹം അനാവശ്യം പറയുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പ്രവൃത്തിയാണ്, പാപമാണ്’ രാംദേവ് പറഞ്ഞു.
രാജസ്ഥാനിലെ ഭില്‍വാരയില്‍ മൂന്ന് ദിവസത്തെ യോഗ് ശിവറില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിജ്ഭൂഷനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തതെന്തെന്ന ചോദ്യത്തിന് തനിക്ക് പറയാന്‍ മാത്രമേ കഴിയൂ, ജയിലില്‍ പിടിച്ചിടാന്‍ കഴിയില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
‘എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായി ഉത്തരം നല്‍കാന്‍ എനിക്ക് കഴിവുണ്ട്. എനിക്ക് മാനസികമായോ ബുദ്ധിപരമോ ആയ വൈകല്യമൊന്നുമില്ല, എനിക്കും എന്റെ രാജ്യത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുണ്ട്’ യോഗ ഗുരു പറഞ്ഞു. ഞാന്‍ രാഷ്ട്രീയ വീക്ഷണകോണില്‍ നിന്ന് ഒരു പ്രസ്താവന നടത്തുമ്പോള്‍ അത് കാര്യത്തെ മാറ്റിമറിക്കുകയും പ്രകമ്പനം ഉണ്ടാക്കുകയും ചെയ്യുമെന്നും രാംദേവ് പറഞ്ഞു.