ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും. കൊവിഡ് സാഹചര്യം പരിഗണിച്ച് ജനറല്‍ അസംബ്ലിയുടെ ഈ എഴുപത്തിയഞ്ചാം സമ്മേളനത്തില്‍ വിര്‍ച്വല്‍ മാര്‍ഗത്തിലൂടെയാകും പ്രധാനമന്ത്രി ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുക. ന്യൂയോര്‍ക്കിലെ യു.എന്‍.ജി.എ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന, മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രസ്താവന വഴിയാകും മോദി ലോകത്തോട് സംവദിക്കുന്നത്.
നാളെ രാവിലെ 11 മണിയോടടുത്താകും മോദി യോഗത്തിലെ ആദ്യത്തെ പ്രാസംഗികനെന്ന നിലയില്‍ ജനറല്‍ അസംബ്ലിയെ അഭിമുഖീകരിക്കുക. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി, രാജ്യം മുന്‍ഗണന നല്‍കുന്ന കാര്യങ്ങളെ കുറിച്ചാകും പ്രധാനമന്ത്രി സംസാരിക്കുക എന്നാണ് വിവരം.